സൗദി അറേബ്യ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

featured GCC News

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2024 സെപ്റ്റംബർ 15-ന് അവസാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു. 2024 സെപ്റ്റംബർ 15-ന് വൈകീട്ടാണ് MHRSD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നാഷണൽ കൗൺസിൽ ഫോർ ഒക്ക്യൂപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തുമായി ചേർന്നാണ് മന്ത്രാലയം ഇത് നടപ്പിലാക്കുന്നത്. 2024 ജൂൺ 15 മുതലാണ് മൂന്ന് മാസത്തേക്കുള്ള ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നത്. ഈ കാലയളവിൽ ഇത്തരം തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു.

രാജ്യത്തെ സ്വകാര്യ മേഖലയിൽ സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച 15/7/1435 (3337) എന്ന ഔദ്യോഗിക ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് ഇത് നടപ്പിലാക്കിയത്. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പോലുള്ള രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുന്നത്.

ഈ വർഷം 94.6 ശതമാനം സ്ഥാപനങ്ങളും ഈ നിയമം കൃത്യമായി നടപ്പിലാക്കിയതായി MHRSD വ്യക്തമാക്കിയിട്ടുണ്ട്. 2023-ൽ 95 ശതമാനം സ്ഥാപനങ്ങളാണ് മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച നിയമങ്ങൾ കൃത്യമായി പാലിച്ചിരുന്നത്.