സൗദി: പ്രവാസികൾക്ക് റീ-എൻട്രി വിസകൾ അനുവദിക്കുന്നതിന് ചുരുങ്ങിയത് 90 ദിവസത്തെ പാസ്പോർട്ട് സാധുത നിർബന്ധമാണെന്ന് ജവാസത്

GCC News

പ്രവാസികൾക്ക് എക്സിറ്റ് റീ-എൻട്രി വിസകൾ അനുവദിക്കുന്നതിന് ചുരുങ്ങിയത് 90 ദിവസത്തെ പാസ്പോർട്ട് സാധുത നിർബന്ധമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) വ്യക്തമാക്കി. ഉപഭോക്താക്കളുടെ സംശയങ്ങൾക്കുള്ള മറുപടിയായാണ് ജവാസത് ഇക്കാര്യം അറിയിച്ചത്.

എക്സിറ്റ് റീ-എൻട്രി വിസകളുടെ സാധുത വിസ അനുവദിച്ച ദിവസം മുതൽ മൂന്ന് മാസത്തേക്കാണെന്നും, വിസ കാലാവധി യാത്ര ചെയ്യുന്ന തീയതി മുതലാണ് കണക്കാക്കുന്നതെന്നും ജവാസത് വ്യക്തമാക്കിയിട്ടുണ്ട്.

ഒരു തവണ യാത്ര ചെയ്യുന്നതിനുള്ള എക്സിറ്റ് റീ-എൻട്രി വിസകൾക്ക് 200 റിയാൽ ഈടാക്കുന്നതാണ്. ഇത്തരം വിസകൾക്ക് പരമാവധി 2 മാസത്തെ സാധുതയാണ് ഉള്ളത്. ഇത്തരത്തിൽ യാത്ര ചെയ്ത പ്രവാസി മടങ്ങിയെത്തുന്നതിന് അധികമായി എടുക്കുന്ന ഓരോ മാസത്തിനും (തന്റെ റെസിഡൻസി കാലാവധി അവസാനിക്കുന്നതിന് മുൻപായി) 100 റിയാൽ അധികം ഈടാക്കുന്നതാണ്.

മൾട്ടി-എൻട്രി എക്സിറ്റ് റീ-എൻട്രി വിസകൾക്ക് 500 റിയാൽ ഈടാക്കുന്നതാണ്. മൂന്ന് മാസത്തെ സാധുതയാണ് ഇത്തരം വിസകൾക്ക് ലഭിക്കുന്നത്. ഇത്തരം വിസകളിൽ യാത്ര ചെയ്ത പ്രവാസി മടങ്ങിയെത്തുന്നതിന് അധികമായി എടുക്കുന്ന ഓരോ മാസത്തിനും (തന്റെ റെസിഡൻസി കാലാവധി അവസാനിക്കുന്നതിന് മുൻപായി) 200 റിയാൽ അധികം ഈടാക്കുന്നതാണ്.