COVID-19 പരിശോധനകൾക്കായി അബുദാബിയിൽ പുതിയ ലേസർ സംവിധാനം

UAE

കൊറോണ വൈറസ് പരിശോധനകൾ വളരെ വേഗത്തിൽ നടപ്പിലാക്കാൻ സഹായിക്കുന്ന പുതിയ ലേസർ ടെസ്റ്റിംഗ് ഉപകരണത്തിന് അബുദാബിയിൽ പ്രചാരമേറുന്നു. ലേസർ അധിഷ്ഠിത ഡി പി ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ റാപിഡ് ടെസ്റ്റിംഗ് സംവിധാനത്തിന് യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

വ്യാപകമായ പരിശോധനകൾക്കും, ഉടൻ പരിശോധനാ ഫലങ്ങൾ ലഭിക്കേണ്ട സാഹചര്യമുള്ള സന്ദർഭങ്ങളിലും ഈ പുതിയ സംവിധാനം ഏറെ പ്രയോജനകരമാണ്. അബുദാബി ആസ്ഥാനമായുള്ള ക്വാൻറ്ലേസ് ഇമേജിങ്ങ് ലാബ് വികസിപ്പിച്ചെടുത്ത ഈ ഉപകരണം, രക്തസാമ്പിളുകളിൽ നിന്ന് കേവലം സെക്കന്റുകൾ കൊണ്ട് വൈറസ്സ് സാന്നിധ്യം കണ്ടെത്താൻ സഹായകമാണ്.

COVID-19 വൈറസ് സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള PCR പരിശോധന, ഈ ഉപകരണത്തിലൂടെയുള്ള പരിശോധനയിൽ പോസിറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്താവുന്നതാണ്. ഈ ഉപകരണം കൊറോണ വൈറസ് ബാധിതരാകാൻ സാധ്യതയുള്ളവരെ തിരിച്ചറിയാൻ സഹായിക്കുന്നതിനാൽ, ഇതിന്റെ ഉപയോഗത്തിലൂടെ PCR പരിശോധനകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകും.

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുടെ COVID-19 പരിശോധനകൾക്കായി, അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയും, ആരോഗ്യ വകുപ്പും ചേർന്ന് സംയുക്തമായി ആരംഭിച്ചിട്ടുള്ള പുതിയ ലേസർ-ടെസ്റ്റിംഗ് കേന്ദ്രത്തിൽ ഈ ഉപകരണമാണ് റാപിഡ് പരിശോധനകൾക്കായി ഉപയോഗിക്കുന്നത്.