കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ രാജ്യത്ത് ഏതാണ്ട് 1.8 ലക്ഷത്തോളം പേർ രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് വാക്സിൻ നൽകുന്ന നടപടികൾ 2021 ജൂൺ 9 മുതലാണ് കുവൈറ്റിൽ ആരംഭിച്ചത്.
ആദ്യ ഡോസ് വാക്സിനെടുത്ത് എട്ട് ആഴ്ച്ച പൂർത്തിയാക്കിയ പ്രവാസികൾക്കും, പൗരന്മാർക്കുമാണ് കുവൈറ്റിൽ രണ്ടാം ഡോസ് നൽകുന്നത്. ഇത്തരത്തിൽ ഏതാണ്ട് 2 ലക്ഷത്തിലധികം പേരാണ് രണ്ടാം ഡോസ് കുത്തിവെപ്പിനായി കാത്തിരിക്കുന്നത്. ഇവർക്ക് വാക്സിൻ നൽകുന്ന നടപടികൾ പത്ത് ദിവസം കൊണ്ട് പൂർത്തിയാക്കുന്നതിനാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏതാണ്ട് 30 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായാണ് ഈ കുത്തിവെപ്പുകൾ നൽകുന്നത്.
വാക്സിനെടുത്തവരിൽ രോഗവ്യാപനം കുറയുന്നു
അതേസമയം രാജ്യത്ത് COVID-19 വാക്സിൻ സ്വീകരിച്ചവരിൽ രോഗവ്യാപനം കുറയുന്നതായുള്ള കണക്കുകൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പങ്ക് വെച്ചു.
ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം, നിലവിൽ COVID-19 രോഗബാധയെത്തുടർന്ന് ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരിൽ 90.5 ശതമാനം പേരും വാക്സിനെടുക്കാത്തവരാണ്. ICU ആവശ്യമായി വരുന്നവരിൽ 89.4 ശതമാനം പേർ വാക്സിനെടുക്കാത്തവരാണ്. കൊറോണ വൈറസ് ബാധയെത്തുടർന്ന് രേഖപ്പെടുത്തുന്ന മരണങ്ങളിൽ 99.1 ശതമാനവും വാക്സിൻ കുത്തിവെപ്പെടുക്കാത്തവരാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.