ഉംറ തീർത്ഥത്തിന്റെ ആദ്യ ഘട്ടത്തിൽ ഒന്നേകാൽ ലക്ഷത്തോളം തീർത്ഥാടകർ പങ്കെടുത്തതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീർത്ഥാടകരിൽ ഇതുവരെ COVID-19 കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഒക്ടോബർ 17-നാണ് തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായത്. ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 18, ഞായറാഴ്ച്ച മുതൽ ആരംഭിച്ചിട്ടുണ്ട്.
സൗദിയിലെ ഉംറ തീർത്ഥാടനത്തിനുള്ള സ്മാർട്ട് ആപ്പ് Eatmarna-യിലൂടെ മാത്രമാണ് ഉംറ പെർമിറ്റുകളും, പ്രാർത്ഥനകൾക്കുള്ള സന്ദർശന പെർമിറ്റുകളും അനുവദിക്കുന്നതെന്നും, മറ്റൊരു തരത്തിലും ഇത്തരം പെർമിറ്റുകൾ ലഭ്യമല്ലെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. മറ്റു തരത്തിലുള്ള പെർമിറ്റുകൾ വാഗ്‌ദാനം ചെയ്യുന്ന വ്യാജ ആപ്പുകളെ കുറിച്ച് ജാഗ്രത പുലർത്താൻ തീർത്ഥാടകരോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
‘Eatmarna’ ആപ്പ് ഡൌൺലോഡ് രണ്ടര ദശലക്ഷം കടന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു. സൗദി പൗരന്മാരും, പ്രവാസികളും ഉൾപ്പടെ ഇതുവരെ രണ്ട് ദശലക്ഷത്തിൽ പരം ആളുകൾ ഉംറ തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്‌തതായി മന്ത്രാലയം വ്യക്തമാക്കി.
ഒക്ടോബർ 4 മുതൽ ആരംഭിച്ച തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രതിദിനം 6000 പേർക്കാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദം നൽകിയിരുന്നത്. രണ്ടാം ഘട്ടത്തിൽ പ്രതിദിനം 15000 തീർത്ഥാടകർക്കാണ് ഉംറ അനുഷ്ഠിക്കുന്നതിന് അനുവാദം നൽകുന്നത്. ഇതോടൊപ്പം രണ്ടാം ഘട്ടത്തിൽ, മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്കും, പ്രവാചകന്റെ പള്ളിയിലേക്കും പ്രാർത്ഥനകൾക്കായി പ്രതിദിനം 40000 പേർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തിനകത്തുള്ള സൗദി പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമാണ് തീർത്ഥാടനത്തിന് അനുമതി നൽകുന്നത്.
ഒക്ടോബർ 31 വരെ നീണ്ട് നിൽക്കുന്ന രണ്ടാം ഘട്ടത്തിൽ ഏതാണ്ട് 2.5 ലക്ഷം ഉംറ തീർത്ഥാടകർക്കാണ് പെർമിറ്റ് നൽകുന്നത്. ഇതിനു പുറമെ ഏതാണ്ട് 6 ലക്ഷം വിശ്വാസികൾക്ക് ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിനും അനുവാദം നൽകുന്നതാണ്.
തീർത്ഥാടകരുടെ ആരോഗ്യം, സുരക്ഷ, സംരക്ഷണം എന്നിവ പരമപ്രധാനമാണെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സലേഹ് ബെന്തൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തീർത്ഥാടകരുടെ സംരക്ഷണത്തിൽ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചകളും വരുത്താതെയാണ് അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതിനായുള്ള സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.