സൗദി: തീർത്ഥാടകരുടെ സുരക്ഷ പരമപ്രധാനമെന്ന് ഹജ്ജ് ഉംറ വകുപ്പ് മന്ത്രി

GCC News

തീർത്ഥാടകരുടെ ആരോഗ്യം, സുരക്ഷ, സംരക്ഷണം എന്നിവ പരമപ്രധാനമാണെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സലേഹ് ബെന്തൻ വ്യക്തമാക്കി. ഒക്ടോബർ 19-ന് ഉംറ തീർത്ഥാടനത്തെ കുറിച്ച് ഓൺലൈനിലൂടെ നടന്ന സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തീർത്ഥാടകരുടെ സംരക്ഷണത്തിൽ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചകളും വരുത്താതെ, അവർക്ക് അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതിനായി സൗദി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെക്കുറിച്ച് അദ്ദേഹം സെമിനാറിൽ വ്യക്തമാക്കി. ഹജ്ജ് വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽഫത്തഹ് മസത്, ഷെയ്ഖ് അബ്ദുൾറഹ്മാൻ അൽ സുദൈസ് എന്നിവർ സെമിനാറിൽ പങ്കെടുത്തു.

മുഴുവൻ ഉംറ തീർത്ഥാടകരും ‘തവക്കൽനാ’ ആപ്പിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി നടത്തിവരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. COVID-19 രോഗബാധിതരുമായി തീർത്ഥാടകർ സമ്പർക്കത്തിന് ഇടയായിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് തീർത്ഥാടനം അനുവദിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ആഗോളതലത്തിലെ സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ച ശേഷമാണ് ഉംറ തീർത്ഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. COVID-19 സാഹചര്യങ്ങളിൽ ആഗോള തലത്തിൽ വരുന്ന മാറ്റങ്ങൾക്കനുസൃതമായി ഉംറ തീർത്ഥാടനത്തിൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.