അബുദാബി: നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത നാലായിരത്തിലധികം വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി പോലീസ്

featured GCC News

എമിറേറ്റിൽ കഴിഞ്ഞ ആറ് മാസത്തിനിടയിൽ നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത നാലായിരത്തിലധികം വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു. 2022 ഓഗസ്റ്റ് 2-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.

2022-ലെ ആദ്യ ആറ് മാസത്തെ കാലയളവിൽ ഇത്തരത്തിലുള്ള 4200-ഓളം വാഹനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അബുദാബിയിൽ പിഴ ചുമത്തുന്നതാണ്. ഇത്തരം വാഹനങ്ങൾക്ക് 400 ദിർഹമാണ് അബുദാബിയിൽ പിഴ ചുമത്തുന്നത്.

സൈക്കിൾ, ബൈക്ക് മുതലായവ വെക്കുന്നതിനുള്ള റാക്കുകൾ കൊണ്ടും മറ്റും നമ്പർ പ്ലേറ്റ് മറയ്ക്കുന്നതും, വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതും എമിറേറ്റിൽ നിയമ ലംഘനമായി കണക്കാക്കുമെന്ന് അബുദാബി പോലീസ് നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.

നമ്പർ പ്ലേറ്റുകൾ മറയുന്ന രീതിയിൽ വാഹനങ്ങളുടെ പുറകിൽ ഘടിപ്പിക്കുന്ന സൈക്കിൾ റാക്കുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്, ഇത്തരം റാക്കുകളിൽ ഒരു അധിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാനാനുമതി നൽകുന്ന ഒരു പുതിയ പദ്ധതിയ്ക്ക് 2021 ഡിസംബറിൽ അബുദാബി പോലീസ് രൂപം നൽകിയിരുന്നു.