ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കീഴിൽ ഇതുവരെ 50000-ത്തിൽ പരം പ്രവാസികൾ രജിസ്റ്റർ ചെയ്തു

featured Oman

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കീഴിൽ ഇതുവരെ അമ്പതിനായിരത്തിൽ പരം ആളുകൾ രജിസ്റ്റർ ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. ഈ കണക്കുകൾ പ്രകാരം 51187 പ്രവാസികൾ ഇത്തരത്തിൽ ഒമാനിൽ നിന്ന് മടങ്ങുന്നതിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതിൽ 48657 പേർ വർക്ക് വിസ കാലാവധി അവസാനിച്ചവരാണ്. ഈ പദ്ധതിയുടെ കാലാവധി 2021 ഓഗസ്റ്റ് 31 വരെ ഒമാൻ തൊഴിൽ മന്ത്രാലയം നീട്ടി നൽകിയിട്ടുണ്ട്. വിസ കാലാവധി അവസാനിച്ചവർക്കും, തൊഴിൽ പ്രശ്നങ്ങൾ നേരിടുന്നവർക്കും ഈ പദ്ധതിയുടെ കീഴിൽ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, നില നിൽക്കുന്ന പിഴതുകകളും മറ്റും ഒഴിവാക്കി നൽകുന്നതാണ്.

ഇത്തരത്തിൽ ഒമാനിൽ നിന്ന് പിഴ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, രാജ്യം വിടുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ റജിസ്‌ട്രേഷൻ സമർപ്പിക്കാവുന്നതാണ്.