എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയൻ സന്ദർശകരുടെ എണ്ണം ആറ് ലക്ഷം കടന്നു

featured UAE

എക്സ്പോ 2020 ദുബായ് ആരംഭിച്ച 2021 ഒക്ടോബർ 1 മുതൽ ഇന്ത്യൻ പവലിയനിൽ ഇതുവരെ ആറ് ലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു. 2021 ഡിസംബർ 23-നാണ് ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇക്കാര്യം അറിയിച്ചത്.

“എക്സ്പോ 2020 വേദിയിലെ ഇന്ത്യൻ പവലിയൻ ചരിത്രം കുറിക്കുന്ന തിരക്കിലാണ്. ഇതുവരെ ആറ് ലക്ഷത്തിലധികം സന്ദർശകർ നമ്മുടെ പവലിയൻ സന്ദർശിച്ച് കഴിഞ്ഞു. ഇന്ത്യയുടെ സ്വപ്‌നങ്ങൾ, അഭിലാഷങ്ങൾ എന്നിവ എടുത്ത് കാട്ടുന്നതിൽ ഇന്ത്യൻ പവലിയൻ പ്രധാന പങ്ക് വഹിക്കുന്നു.”, ഈ നേട്ടം അറിയിച്ച് കൊണ്ട് പിയൂഷ് ഗോയൽ ട്വിറ്ററിൽക്കുറിച്ചു.

ലോക എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ സംഘാടകരും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ലോക എക്സ്പോ ആരംഭിച്ച് 83 ദിവസങ്ങൾക്കിടയിലാണ് ഇന്ത്യൻ പവലിയൻ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

വരാനിരിക്കുന്ന അവധിദിനങ്ങൾ ഇന്ത്യൻ പവലിയനിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുമെന്നാണ് കരുതുന്നതെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം, സാങ്കേതിക രംഗത്തെ നേട്ടങ്ങൾ എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ നിർമ്മിച്ചിരിക്കുന്നത്.

വിവിധ വർണ്ണങ്ങളിലുള്ള 600 ബ്ലോക്കുകളാൽ നവീനമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള ചലിക്കുന്ന മുഖപ്പ് ഇന്ത്യൻ പവലിയന്റെ പ്രത്യേകതയാണ്. ഒരു അച്ചുതണ്ടിൽ കറങ്ങുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഈ ബ്ലോക്കുകൾ ചിത്രവേല പോലെ വിവിധ പ്രമേയങ്ങൾ പ്രദർശിപ്പിക്കുന്നു. ഇന്ത്യ മുന്നോട്ട് കുതിക്കുന്നു എന്ന ആശയത്തിലൂന്നിയാണ് ഈ പവലിയനു രൂപം നൽകിയിരിക്കുന്നത്.

ഇന്ത്യയുടെ പ്രാചീന ചരിത്രം, പുരാതന നിർമ്മിതികൾ, സാംസ്‌കാരിക ചിഹ്നങ്ങൾ എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് ഇന്ത്യൻ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഏതാണ്ട് 4614 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഇന്ത്യൻ പവലിയൻ ഇതുവരെയുള്ള അന്താരാഷ്ട്ര പ്രദർശനങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ പവലിയനാണ്.

Cover Image: @IndiaExpo2020.