ദുബായ്: 2022-ൽ 621 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി RTA

UAE

കഴിഞ്ഞ വർഷം എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 621.4 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ദുബായ് ടാക്സി, മറ്റു ഫ്രാൻഞ്ചൈസി ടാക്സി സംവിധാനങ്ങൾ, ഇ-ഹൈൽ, സ്മാർട്ട് കാർ റെന്റൽ, ബസ്-ഓൺ-ഡിമാൻഡ് തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും ആകെയുള്ള കണക്കുകൾ പ്രകാരമാണിത്. 2021-നെ അപേക്ഷിച്ച് 2022-ൽ യാത്രികരുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും RTA കൂട്ടിച്ചേർത്തു.

2022-ലെ കണക്കുകൾ പ്രകാരം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയ പ്രതിദിന യാത്രികരുടെ ശരാശരി എണ്ണം 1.7 ദശലക്ഷമാണെന്നും RTA അറിയിച്ചിട്ടുണ്ട്. 2021-ൽ പ്രതിദിന യാത്രികരുടെ എണ്ണം 1.3 ദശലക്ഷമായിരുന്നു.

ദുബായ് മെട്രോ യാത്രികരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം മൂന്ന് ശതമാനം വളർച്ച രേഖപ്പെടുത്തിയതായി RTA ഡയറക്ടർ ജനറൽ മത്തർ അൽ തയർ അറിയിച്ചു. ജലഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഒരു ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2022-ൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയ യാത്രികരുടെ ആകെ എണ്ണത്തിൽ 36 ശതമാനം പേരും ദുബായ് മെട്രോ യാത്രികരായിരുന്നെന്നും, 25 ശതമാനം പേർ ബസ് ഉപയോഗിച്ചതായും, മൂന്ന് ശതമാനം പേർ ജലഗതാഗത സേവനങ്ങൾ ഉപയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Cover Image: Dubai Media Office.