ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി എട്ട് ലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

featured GCC News

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 827,115 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു. 2025 ഓഗസ്റ്റ് 26-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ വർഷത്തെ ഖരീഫ് സീസൺ ആരംഭിച്ചത് (ജൂൺ 21-ന്) മുതൽ ഓഗസ്റ്റ് 15 വരെയുള്ള കണക്കുകൾ പ്രകാരമുള്ള സഞ്ചാരികളുടെ എണ്ണമാണ് ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ടത്.

ഇതിൽ 591,577 പേർ ഒമാനിൽ നിന്നുള്ള ആഭ്യന്തര ടൂറിസ്റ്റുകളാണ്. ജി സി സി രാജ്യങ്ങളിൽ നിന്നുള്ള 143,431 സന്ദർശകരും, മറ്റു രാജ്യങ്ങളിൽ നിന്നുള്ള 92,107 സന്ദർശകരും ഈ കാലയളവിൽ ദോഫാറിലെത്തിയിട്ടുണ്ട്.

2024-ലെ ഇതേ കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 2.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 810,085 സന്ദർശകരാണ് മൺസൂൺ മഴക്കാലം ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലെത്തിയത്.