ഖത്തർ: നാല്പത് വയസിന് മുകളിൽ പ്രായമുള്ള 85 ശതമാനം പേരും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കി

Qatar

രാജ്യത്തെ നാല്പത് വയസിന് മുകളിൽ പ്രായമുള്ള 85 ശതമാനം പേരും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ വിഭാഗത്തിൽ പെടുന്നവർ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചിരിക്കുന്നത്.

ഖത്തറിൽ ഒരു വ്യക്തി ഫൈസർ ബയോഎൻടെക്, മോഡേണ എന്നീ വാക്സിനുകളുടെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് രണ്ടാഴ്ച്ച കഴിയുന്നതോടെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതായി കണക്കാക്കുന്നതാണ്. നാല്പത് വയസിന് മുകളിൽ പ്രായമുള്ള 95.3% പേർ COVID-19 വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പെങ്കിലും സ്വീകരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇതുവരെ രാജ്യത്ത് മുപ്പത് ലക്ഷത്തിലധികം ഡോസ് COVID-19 വാക്സിൻ നൽകിയിട്ടുണ്ട്. 1906753 പേർ ഒരു ഡോസ് കുത്തിവെപ്പെങ്കിലും സ്വീകരിച്ചതായും, 1596287 പേർ രണ്ട് ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.