ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡെയ്‌സ് മേളയുടെ ആദ്യ ആഴ്ച്ചയിൽ ഒരു ലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തതായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം അറിയിച്ചു. ഷാർജ ഹെറിറ്റേജ് ഡെയ്‌സ് പരിപാടികളിൽ ആദ്യ ആഴ്ച്ചയിൽ 102000 സന്ദർശകരാണ് പങ്കെടുത്തത്.
ഷാർജ ഹെറിറ്റേജ് ഡെയ്‌സ് വേദിയിൽ അനുഭവപ്പെടുന്ന സന്ദർശകരുടെ മികച്ച പങ്കാളിത്തത്തിൽ ഡോ. അൽ മുസല്ലം സന്തോഷം രേഖപ്പെടുത്തി. പ്രാദേശിക സംസ്കാരം, അറബ്, എമിറാത്തി പാരമ്പര്യം എന്നിവ അടുത്തറിയാൻ മേളയിലെ ഹെറിറ്റേജ് പവലിയനുകൾ സന്ദർശകർക്ക് അവസരമൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഷാർജ ഹെറിറ്റേജ് ഏരിയയിൽ നടക്കുന്ന ഈ മേള 2022 മാർച്ച് 10-നാണ് ആരംഭിച്ചത്. പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സ് മാർച്ച് 28 വരെ തുടരും.
‘പൈതൃകവും ഭാവിയും’ എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡെയ്‌സ് സംഘടിപ്പിക്കുന്നത്. സന്ദർശകർക്ക് യു എ ഇയുടെ ചരിത്രം, സംസ്കാരം, ആചാരങ്ങൾ, കല, സാഹിത്യം മുതലായവയെ അടുത്തറിയുന്നതിന് ഈ പ്രദർശനം അവസരം നൽകുന്നു. 2003-ലാണ് ഈ മേള ആദ്യമായി സംഘടിപ്പിച്ചത്.
WAM [Cover Image: WAM]