യു എ ഇ: 2022 ജനുവരി 1 മുതൽ പള്ളികളിലെ വെള്ളിയാഴ്ച്ച പ്രാർത്ഥനകളുടെ സമയക്രമത്തിൽ മാറ്റം വരുത്തും

UAE

2022 ജനുവരി 1 മുതൽ രാജ്യത്തെ പള്ളികളിലെ വെള്ളിയാഴ്ച്ച പ്രാർത്ഥനകളുടെയും, പ്രഭാഷണങ്ങളുടെയും സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു. അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്തുടനീളമുള്ള പള്ളികളിലെ വെള്ളിയാഴ്ച്ച പ്രാർത്ഥനകളും, പ്രഭാഷണങ്ങളും ഉച്ചയ്ക്ക് 1.15-ന് ശേഷം നടത്തുന്നതിനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഈ പുതുക്കിയ സമയക്രമം വർഷം മുഴുവൻ ബാധകമാകുന്ന രീതിയിലാണ് നടപ്പിലാക്കുന്നത്. രാജ്യത്തെ പൊതു മേഖലയിലെ പ്രവർത്തനരീതി ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതിയിലേക്ക് മാറ്റാനുള്ള തീരുമാനത്തോടൊപ്പമാണ് യു എ ഇ സർക്കാർ ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ഫെഡറൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ നടപ്പിലാക്കുന്നതിനും, വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷവും, ശനി, ഞായർ എന്നീ ദിവസങ്ങളും അവധി നൽകുന്നതിനും തീരുമാനിച്ചതായി യു എ ഇ സർക്കാർ ഡിസംബർ 7-ന് അറിയിച്ചിരുന്നു.

ഈ തീരുമാന പ്രകാരം പൊതുമേഖലയിൽ നടപ്പിലാക്കുന്ന പ്രവർത്തിദിനങ്ങൾക്കനുസൃതമായി തങ്ങളുടെ ആഭ്യന്തര പ്രവർത്തിസമയങ്ങൾ പുനഃക്രമീകരിക്കാൻ ശ്രമിക്കാൻ യു എ ഇയിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റയിസേഷൻ വകുപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്.