രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2024 ഫെബ്രുവരി 2, വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, ഫെബ്രുവരി 2, വെള്ളിയാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴ, പൊടി കാറ്റ്, ചെറിയ രീതിയിലുള്ള മഞ്ഞ് വീഴ്ച എന്നിവ അനുഭവപ്പെടാനിടയുണ്ട്. അന്തരീക്ഷ താപനില താഴുമെന്നും, കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
തെക്കൻ അസീർ മേഖലയിൽ ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇതേ കാലയളവിൽ ജസാൻ മേഖലയിൽ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. അൽ ബാഹ, തായിഫ്, മൈസാൻ തുടങ്ങിയ മക്കയുടെ പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വ്യാഴാഴ്ച വരെ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്.
തബൂക്, യാമ്പു, അൽ ഉല, അൽ ഖഫ്ജി, ഖൈബർ തുടങ്ങിയ ഇടങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലും, നോർത്തേൺ ബോർഡേഴ്സ്, അൽ ജൗഫ് മേഖലകളിൽ ബുധനാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വരെയും മഴയ്ക്ക് സാധ്യതയുണ്ട്. തബൂക്, മദിന, മക്ക, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ തുടങ്ങിയ ഇടങ്ങളിൽ മണിക്കൂറിൽ നാല്പത്തഞ്ച് കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് കരണമാകാമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയുണ്ട്.
റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, ഖാസിം തുടങ്ങിയ മേഖലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ട്.
രാജ്യത്തിൻറെ വിവിധ മേഖലകളിൽ ഇത്തവണത്തെ ശൈത്യകാല മാസങ്ങളിൽ അമ്പത് ശതമാനം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
Cover Image: Saudi Press Agency.