മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് അബുദാബി കോർണിഷിൽ ആരംഭിച്ചു. 2023 ഡിസംബർ 8, വെള്ളിയാഴ്ചയാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ അബുദാബി കോർണിഷിൽ ആരംഭിച്ചത്.
മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് അബുദാബിയിലെ മൂന്ന് ഇടങ്ങളിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ അൽ ദഫ്‌റയിലും (2023 നവംബർ 22 മുതൽ 26 വരെ), അൽ ഐനിലും (2023 നവംബർ 29 മുതൽ ഡിസംബർ 3 വരെ) വെച്ച് സംഘടിപ്പിച്ചിരുന്നു.

അബുദാബി കോർണിഷിൽ വെച്ച് നടക്കുന്ന ഏഴാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ മൂന്നാം ഘട്ടം 2023 ഡിസംബർ 31 വരെ നീണ്ട് നിൽക്കും.

ഡവലപ്മെന്റ് ആൻഡ് മാർട്ടിയേഴ്സ് ഫാമിലീസ് അഫയേഴ്‌സ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി കോർണിഷിൽ വെച്ച് നടക്കുന്ന മേള സന്ദർശിച്ചു. അദ്ദേഹം ഈ മേളയിലെ വിവിധ പവലിയനുകളും, വിനോദപരിപാടികളും ആസ്വദിച്ചു.

അബുദാബി കോർണിഷിൽ വെച്ച് നടക്കുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിൽ കലാരൂപങ്ങൾ, പ്രാദേശിക, അന്താരാഷ്ട്ര കലാകാരൻമാർ ഒരുക്കുന്ന സംഗീത പരിപാടികൾ, കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിനോദവിജ്ഞാനപരിപാടികൾ, വിവിധ പരിശീലനക്കളരികൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് (DCT) ഈ മേള സംഘടിപ്പിക്കുന്നത്.
യു എ ഇയിലെ വലിയ സാംസ്‌കാരിക മേളകളിലൊന്നാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ. ഷെയ്‌ഖ ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
Cover Image: Abu Dhabi Media Office.