മസ്കറ്റ്: ക്യാമ്പിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള മാർഗ്ഗനിർദേശങ്ങൾ

featured Oman

ക്യാമ്പിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച് മസ്കറ്റ് ഗവർണറേറ്റ് അറിയിപ്പ് നൽകി. 2024 ഡിസംബർ 3-നാണ് മസ്കറ്റ് ഗവർണറേറ്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മസ്കറ്റ് ഗവർണറേറ്റിൽ ക്യാമ്പിംഗ് ചെയ്യുന്നവർ ഇതുമായി ബന്ധപ്പെട്ട് അധികൃതർ നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും, മാനദണ്ഡങ്ങളും പാലിക്കണമെന്ന് മസ്കറ്റ് ഗവർണറേറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്. പിഴകൾ ഒഴിവാക്കുന്നതിനും, സുരക്ഷിതമായ ഒരു ക്യാമ്പിംഗ് അനുഭവം ആസ്വദിക്കുന്നതിനും ഇത് പ്രധാനമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് മസ്കറ്റ് ഗവർണറേറ്റ് അധികൃതർ അറിയിച്ചിരിക്കുന്നത്:

ക്യാമ്പിംഗ് സൈറ്റുകൾക്കുള്ള നിബന്ധനകൾ:

  • മുനിസിപ്പാലിറ്റി ക്യാമ്പിങ്ങിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളായിരിക്കണം ഇതിനായി ഉപയോഗിക്കേണ്ടത്.
  • ബീച്ചുകളിൽ നിന്ന് ചുരുങ്ങിയത് 10 മീറ്ററെങ്കിലും അകലം പാലിച്ചായിരിക്കണം ക്യാമ്പ് ഒരുക്കേണ്ടത്.
  • ഓരോ ക്യാമ്പുകളും തമ്മിൽ ചുരുങ്ങിയത് അഞ്ച് മീറ്ററെങ്കിലും ദൂരം പാലിക്കേണ്ടതാണ്.
  • മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ഇടങ്ങൾ, സുരക്ഷ മുൻനിർത്തി പ്രവേശനം വിലക്കിയിട്ടുള്ള ഇടങ്ങൾ എന്നിവയ്ക്കരികിൽ ക്യാമ്പുകൾ ഒരുക്കുന്നത് ഒഴിവാക്കേണ്ടതാണ്.

ക്യാമ്പിംഗ് നിയമങ്ങളിൽ വീഴ്ച വരുത്തുന്നതിനുള്ള ശിക്ഷാ നടപടികൾ:

  • പെർമിറ്റ് കൂടാതെ ക്യാമ്പ് ഒരുക്കുന്നവർക്ക് 200 റിയാൽ പിഴ ചുമത്തും.
  • നിയമലംഘനം ആവർത്തിക്കുന്നവരെ ഉടൻ തന്നെ ക്യാമ്പിംഗ് ഇടങ്ങളിൽ നിന്ന് ഒഴിവാക്കുന്നതാണ്.
  • ക്യാമ്പിംഗ് സംബന്ധിച്ച മറ്റു നിബന്ധനകളിൽ വീഴ്ച വരുത്തുന്നവർക്ക് 50 റിയാൽ പിഴ ചുമത്തും.

ക്യാമ്പിംഗ് ഇടങ്ങളിൽ ഏർപ്പെടുത്തിയിട്ടുളള സാങ്കേതിക നിബന്ധനകൾ:

  • ക്യാമ്പുകളുടെ (കാരവൻ, ടെന്റ് എന്നിവയ്ക്ക് ഉൾപ്പടെ ബാധകം) മുൻവശത്ത് ഒരു ബോർഡിലായി ക്യാമ്പ് പെർമിറ്റ് ലൈസൻസ് നമ്പർ പ്രദർശിപ്പിച്ചിരിക്കേണ്ടതാണ്.
  • ക്യാമ്പിംഗ് ഇടങ്ങളിൽ ഒരു കാരണവശാലും കോൺക്രീറ്റ്, മറ്റു നിർമ്മാണവസ്തുക്കൾ എന്നിവ ഉപയോഗിക്കരുത്.
  • ക്യാമ്പിംഗ് ഇടങ്ങളിലെ കാർ പാർക്കിങ്, എൻട്രി, എക്സിറ്റ് എന്നിവ കൃത്യമായ രീതിയിലായിരിക്കണം.
  • ക്യാമ്പിംഗ് ലൈസൻസ് മറ്റൊരു വ്യക്തിയ്ക്ക് കൈമാറുകയോ, ലൈസൻസിൽ പറഞ്ഞിരിക്കുന്ന ക്യാമ്പിംഗ് ഇടങ്ങളിലല്ലാതെ മറ്റൊരിടത്ത് ക്യാമ്പ് ഒരുക്കുന്നതിനായി ഉപയോഗിക്കുകയോ ചെയ്യരുത്.
  • ശബ്ദമുണ്ടാക്കുന്ന രീതിയിലുള്ള ജനറേറ്ററുകൾ ഉപയോഗിക്കരുത്.
  • ക്യാമ്പിംഗ് ഇടങ്ങളുടെ നിലം വലിയ മെഷീനുകൾ ഉപയോഗിച്ച് നിരപ്പാക്കുന്നതും, കല്ലോ, കോൺക്രീറ്റോ മറ്റോ വിരിക്കുന്നതും ഉൾപ്പടെയുള്ള ഒരു തരത്തിലുള്ള പ്രവർത്തികളും അനുവദിക്കുന്നതല്ല.

ക്യാമ്പിംഗ് ഇടങ്ങളിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ:

  • ക്യാമ്പുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങൾ ഒരുക്കേണ്ടത് ക്യാമ്പ് ലൈസൻസ് ലഭിച്ചിട്ടുള്ള വ്യക്തിയുടെ ഉത്തരവാദിത്വമാണ്.
  • ക്യാമ്പിന് ചുറ്റും വേലി ഒരുക്കുന്നതിനായി കാഴ്ചയ്ക്ക് തടസം ഉണ്ടാക്കുന്ന രീതിയിലുള്ള വസ്തുക്കൾ ഉപയോഗിക്കരുത്.
  • ക്യാമ്പുകളിൽ ലേസർ, മുകളിലേക്ക് അടിക്കുന്ന ലൈറ്റുകൾ മുതലായവ ഉപയോഗിക്കരുത്.

ക്യാമ്പിംഗ് ഇടങ്ങളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ:

  • ക്യാമ്പിംഗ് ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
  • ക്യാമ്പിംഗ് ഇടങ്ങൾക്കരികിലുള്ള കൃഷി, കാട്ടുചെടികൾ മുതലായവ നശിപ്പിക്കരുത്.
  • ക്യാമ്പുകളിൽ മാലിന്യങ്ങൾ കത്തിക്കുകയോ, കുഴിച്ചിടുകയോ ചെയ്യരുത്.
  • കൃത്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത മൊബൈൽ റസ്റ്റ്റൂമുകൾ നിരോധിച്ചിട്ടുണ്ട്.
  • ക്യാമ്പിംഗ് ഇടങ്ങളിലെ സ്വാഭാവിക പരിസ്ഥിതിയ്ക്ക് മാറ്റം വരുത്തുന്ന ഒരു പ്രവർത്തിയും അനുവദിക്കുന്നതല്ല.
  • ക്യാമ്പുകൾക്കരികിലെ സ്വാഭാവിക പുൽത്തകിടികൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ തീകത്തിക്കുന്നതിനോ, ഗ്രിൽ ചെയ്യുന്നതിനായി തീകൂട്ടുന്നതിനോ അനുമതിയില്ല.

ക്യാമ്പിംഗ് ഇടങ്ങളിൽ പാലിക്കേണ്ട പ്രത്യേക പൊതുമര്യാദകൾ:

  • ക്യാമ്പുകൾ, കാരവൻ മുതലായവ നിയമവിരുദ്ധമായ പ്രവൃത്തികൾക്കും, മറ്റുളളവർക്ക് അലോസരമുണ്ടാക്കുന്ന പ്രവൃത്തികൾക്കും ഉപയോഗിക്കരുത്.
  • ക്യാമ്പുകൾ ഒരുക്കുന്നവർ നിയമങ്ങൾ, നിബന്ധനകൾ, നിർദ്ദേശങ്ങൾ, പൊതു സദാചാര മര്യാദകൾ എന്നിവ പാലിക്കാൻ ബാധ്യസ്ഥരാണ്.