ഒമാൻ: ഏതാനം ഇടങ്ങളിൽ പുതിയതായി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി

featured GCC News

2023 ജനുവരി 1 മുതൽ ഗവർണറേറ്റിലെ ഏതാനം ഇടങ്ങളിൽ പുതിയതായി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ഡിസംബർ 31-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഗവർണറേറ്റിലെ ട്രാഫിക് സുഗമമാക്കുന്നതിനും, ക്രമപ്രകാരമല്ലാതെയുള്ള വാഹന പാർക്കിംഗ് നിയന്ത്രിക്കുന്നതിനുമായാണ് ഈ നടപടി. ഇതിന്റെ ഭാഗമായി മസ്കറ്റിലെ തഴെ പറയുന്ന ഇടങ്ങളിലാണ് 2023 ജനുവരി 1 മുതൽ പാർക്കിംഗ് മീറ്ററുകൾ പ്രവർത്തനക്ഷമമാക്കുന്നത്:

  • റുവിയിൽ മിനിസ്ട്രി ഓഫ് ലേബറിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ ബിൽഡിംഗിന് സമീപത്തുള്ള പാർക്കിംഗ് ലോട്ടുകളിൽ.
  • അൽ ഖൗദ് സൂഖിലെ പുതിയ പാർക്കിംഗ് ഇടങ്ങൾ, ഒറീഡോ സ്‌റ്റോറിന് പുറകുവശത്തെ പാർക്കിംഗ് ഇടങ്ങൾ.

SMS ഉപയോഗിച്ച് പാർക്കിംഗ് ഇടം ബുക്ക് ചെയ്യാൻ:

  • ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വാഹന ഉടമകൾക്ക് തങ്ങളുടെ മൊബൈലിൽ നിന്ന് 90091 എന്ന നമ്പറിലേക്ക് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വിവരങ്ങൾ, പാർക്കിംഗ് ആവശ്യമായ സമയം എന്നിവ SMS ചെയ്യാവുന്നതാണ്. പാർക്കിങ്ങിനുള്ള സമയം 30 മിനിറ്റ് ഇടവേളകളായി, പരമാവധി 300 മിനിറ്റ് വരെയാണ് ഇതിലൂടെ നൽകാൻ സാധിക്കുന്നത്. (ഉദാഹരണമായി 0000AB എന്ന നമ്പറുള്ള വാഹനം 30 മിനിറ്റ് പാർക്ക് ചെയ്യുന്നതിന് ‘0000AB 30’ എന്ന സന്ദേശം 90091-ലേക്ക് SMS ചെയ്യേണ്ടതാണ്.)
  • ഇതിനു മറുപടിയായി ടിക്കറ്റ് നമ്പർ, കാർ നമ്പർ, കോഡ്, തീയതി, സമയം എന്നിവ രേഖപ്പെടുത്തിയ SMS തിരികെ ലഭിക്കുന്നതാണ്.
  • 90091 എന്ന നമ്പറിലേക്ക് വീണ്ടും SMS അയച്ചു കൊണ്ട് ആവശ്യമെങ്കിൽ പാർക്കിംഗ് സമയം നീട്ടിയെടുക്കാവുന്നതാണ്.

SMS വഴിയല്ലാതെ ‘Baladiyeti’ ആപ്പിലൂടെയും, http://www.mm.gov.om/ എന്ന വിലാസത്തിൽ മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിലൂടെയും ഇത്തരം ഇടങ്ങളിൽ പാർക്കിംഗ് ബുക്ക് ചെയ്യാവുന്നതാണ്.