ഒമാൻ: മസ്കറ്റ് നൈറ്റ്സ് ആരംഭിച്ചു

featured GCC News

‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ 2026 ജനുവരി 1-ന് ആരംഭിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒന്നിലധികം വേദികളായിലായി സംഘടിപ്പിക്കുന്ന ഈ ആഘോഷപരിപാടികൾ കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനുള്ള നിരവധി അവസരങ്ങൾ ഒരുക്കുന്നതാണ്. 2026 ജനുവരി 1-ന് ആരംഭിക്കുന്ന ഇത്തവണത്തെ ‘മസ്കറ്റ് നൈറ്റ്സ്’ 2026 ജനുവരി 31 വരെ നീണ്ട് നിൽക്കും.

മസ്കറ്റ് നഗരത്തിലുടനീളം വിനോദ, സാംസ്കാരിക, കായിക, വാണിജ്യ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ചാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ മസ്കറ്റ് നൈറ്റ്‌സിന്റെ ഭാഗമായി ഒരു മാസം നീളുന്ന അതിവിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.

“മസ്കറ്റ് നൈറ്റ്സ് സർക്കസ്”, “കിഡ്സ് ജോയ്” എന്നിവ ഉൾപ്പടെ നിരവധി സാംസ്കരിക പരിപാടികൾ, മോട്ടോർസ്പോർട്സ് മത്സരങ്ങൾ, തത്സമയമുള്ള കലാപരിപാടികൾ എന്നിവ മസ്കറ്റ് നൈറ്റ്‌സിന്റെ ഭാഗമായി അരങ്ങേറുന്നതാണ്. ഇതോടൊപ്പം സന്ദർശകർക്ക് ഏറ്റവും മികച്ച സാംസ്കാരിക അനുഭവങ്ങൾ നൽകുന്നതിനുള്ള ഒരു കൾച്ചറൽ വില്ലേജും മസ്കറ്റ് നൈറ്റ്‌സിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

മസ്കറ്റ് നൈറ്റ്‌സിന്റെ ഭാഗമായി ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുള്ള പരിപാടികൾ:

  • ഒമാൻ ഇന്റർനാഷണൽ ഡ്രിഫ്റ്റ് ചാംപ്യൻഷിപ് – 2026 ജനുവരി 15, 16, 29, 30 തീയതികളിൽ.
  • ഒമാൻ ഫൈറ്റ് ഇന്റർനാഷണൽ ചാംപ്യൻഷിപ് – 2026 ജനുവരി 30.
  • കോമഡി തീയറ്റർ ഷോ – 2026 ജനുവരി 6.
  • വിവിധ സാസ്കാരിക പ്രദർശനങ്ങൾ – 2026 ജനുവരി 9 മുതൽ 31 വരെ.

ഖുറം നാച്ചുറൽ പാർക്ക്, സീബ് ബീച്ച്, അൽ അമീറത് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഖുറയ്യത്, വാദി അൽ ഖൗദ്, റോയൽ ഓപ്പറ ഹൗസ്, വിവിധ ഷോപ്പിംഗ് മാളുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത്തവണത്തെ ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.