ഒമാൻ: താത്കാലികമായി നിർത്തലാക്കിയിരുന്ന റൂട്ടുകളിലെ സർവീസുകൾ മെയ് 16 മുതൽ പുനരാരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു

featured GCC News

സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ മൂലം താത്കാലികമായി നിർത്തലാക്കിയിരുന്ന മുഴുവൻ റൂട്ടുകളിലെയും ബസ് സർവീസുകൾ മെയ് 16, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു. രാജ്യത്തെ രാത്രികാല യാത്രാ നിയന്ത്രണങ്ങളും, വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ മുഴുവൻ സമയ വിലക്കുകളും മെയ് 15 മുതൽ ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

https://twitter.com/mwasalat_om/status/1393232072840470528

“യാത്രാ സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരുന്ന മുഴുവൻ റൂട്ടുകളിലെയും ബസ് സർവീസുകൾ 2021 മെയ് 16, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഞങ്ങൾ ഉപഭോക്താക്കളെ അറിയിച്ചു കൊള്ളുന്നു.”, മുവാസലാത്ത് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. സുപ്രീം കമ്മിറ്റിയുടെ തീരുമാന പ്രകാരം 2021 മെയ് 9 മുതൽ മെയ് 15 വരെയുള്ള കാലയളവിൽ പൊതു ഗതാഗത ബസ് സർവീസുകൾ മുവാസലാത്ത് താത്കാലികമായി നിർത്തലാക്കിയിരുന്നു.

ഈ പുതിയ അറിയിപ്പോടെ, സർവീസ് നിർത്തിവെച്ചിരുന്ന മസ്കറ്റ് ഗവർണറേറ്റിലെയും, സലാലയിലെയും മുഴുവൻ സിറ്റി ബസ് റൂട്ടുകളും, മസ്കറ്റിൽ നിന്ന് റസ്തഖ്, സലാല സൂർ എന്നിവിടങ്ങളിലേക്കുള്ള ഇന്റർസിറ്റി സർവീസുകളും മെയ് 16 മുതൽ പുനരാരംഭിക്കുന്നതാണ്.