നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി പദ്ധതിയ്ക്ക് 2022 മാർച്ച് 23-ന് അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് തുടക്കം കുറിച്ചു. പണി പൂർത്തിയാക്കുമ്പോൾ മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ മ്യൂസിയമായിരിക്കും നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി.
സന്ദർശകരെ 13.8 ബില്യൺ വർഷം പഴക്കമുള്ള കാലത്തേക്കും സ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നത് ലക്ഷ്യമിട്ടാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി രൂപകൽപന ചെയ്യുന്നത്. ഇതോടൊപ്പം ഭൂമിയുടെ സുസ്ഥിര ഭാവിയിലേക്കുള്ള ചിന്തോദ്ദീപകമായ വീക്ഷണം സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും ഈ മ്യൂസിയം ലക്ഷ്യമിടുന്നു.
എമിറേറ്റിലെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്ടിലാണ് ഈ മ്യൂസിയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. 2025 അവസാനത്തോടെ മ്യൂസിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിലെ ശേഖരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് ലോകപ്രശസ്തമായ ‘സ്റ്റാൻ’ എന്ന പേരിട്ടിട്ടുള്ള ടൈറനോസോറസ് റെക്‌സ് ആയിരിക്കും എന്നത് ഉറപ്പാണ്. 39 അടി നീളമുള്ള (11.7 മീറ്റർ) ഈ ഫോസിൽ അവസാന ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ നിന്നുള്ള ടൈറനോസോറസ് റെക്‌സ് എന്ന വേട്ടക്കാരൻ ദിനോസറിന്റെ ഇത്തരത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളതും, ഏറ്റവും കൂടുതൽ പഠനവിധേയമായതുമായ ഫോസിലുകളിലൊന്നാണ്.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്കിടയിൽ പ്രശസ്തനായ ‘സ്റ്റാൻ’ എന്ന ഫോസിൽ വർഷങ്ങളോളമുള്ള ശാസ്ത്രീയ പഠനങ്ങളിലൂടെ ടൈറനോസോറസ് റെക്‌സ് വർഗത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1992-ൽ അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിൽ നിന്ന് ഖനനം ചെയ്തെടുത്ത ‘സ്റ്റാൻ’ എന്ന ഈ ഫോസിൽ ഇത്തരത്തിൽ ലഭിച്ചിട്ടുള്ള പൂർണ്ണരൂപത്തിലുള്ള ടൈറനോസോറസ് റെക്‌സ് ഫോസിലുകളിൽ ഏറ്റവും മികച്ച അഞ്ച് ഫോസിലുകളിലൊന്നാണ്. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിലെത്തുന്ന 67 ദശലക്ഷം വർഷം പഴക്കമുള്ള ഈ ദിനോസർ ഫോസിൽ ശാസ്ത്രീയ ഗവേഷണത്തിനായി മ്യൂസിയത്തിൽ ലഭ്യമാക്കുന്നതാണ്.
‘സ്റ്റാൻ’ എന്ന ടി-റെക്സ് ഫോസിലിന് പുറമെ, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിലെ ശേഖരത്തിൽ ആഗോള പ്രശസ്തി നേടിയ മറ്റു പ്രദർശനങ്ങളും ഉൾപ്പെടുന്നു. 1969-ൽ, 40 വർഷങ്ങൾക്ക് മുമ്പ്, ഓസ്‌ട്രേലിയയിൽ പ്രസിദ്ധമായി ക്രാഷ്-ലാൻഡ് ചെയ്‌തതും അതിനുശേഷം ആദ്യകാല സൗരയൂഥത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് വെളിപ്പെടുത്തിയതുമായ അസാധാരണമായ മർച്ചിസൺ ഉൽക്കാശിലയുടെ മാതൃക ഇത്തരത്തിലുള്ള ആകർഷണങ്ങളിലൊന്നാണ്.
ഓർഗാനിക് ‘സ്റ്റാർഡസ്റ്റ്’ സംയുക്തങ്ങളുടെ ഒരു വലിയ ശ്രേണിയും, 7 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ട സൗരോർജ്ജത്തിന് മുമ്പുള്ള ധാന്യങ്ങളും അടങ്ങിയിരിക്കുന്ന – നമ്മുടെ നിലവിലെ സൗരയൂഥം നിലനിൽക്കുന്നതിന് വളരെ മുമ്പുതന്നെ – ഈ ഉൽക്കാശില ജീവന്റെ നിർമ്മാണ ഘടകങ്ങളെക്കുറിച്ചുള്ള പുരാതന ഉൾക്കാഴ്ച നൽകുന്നു.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, മിറാൾ എന്നിവർ സംയുക്തമായാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി ഒരുക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരിലും പ്രകൃതി ലോകത്തോടുള്ള ആജീവനാന്ത അഭിനിവേശം ഉണർത്താൻ ലക്ഷ്യമിട്ട്, നമ്മുടെ ഗ്രഹത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന കഥയെക്കുറിച്ചുള്ള പാഠങ്ങൾ നൽകുന്നതിനായാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി രൂപകൽപ്പന ചെയ്യുന്നത്.
WAM