ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യു എ ഇ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ പിൻവലിക്കുമെന്ന് NCEMA

GCC News

സൗത്ത് ആഫ്രിക്ക ഉൾപ്പടെ 12 ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യു എ ഇ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ 2022 ഫെബ്രുവരി 6 മുതൽ ഒഴിവാക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2022 ഫെബ്രുവരി 4-ന് വൈകീട്ടാണ് NCEMA ഇക്കാര്യം അറിയിച്ചത്.

കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ, കോംഗോ, സൗത്ത് ആഫ്രിക്ക, ബോട്സ്വാന, എസ്വതിനി, ലെസോതോ, മൊസാമ്പിക്‌, നമീബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യു എ ഇ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകളാണ് NCEMA പിൻവലിക്കുന്നത്. ഈ തീരുമാനം 2022 ഫെബ്രുവരി 6-ന് വൈകീട്ട് 6 മണിമുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള (ബൂസ്റ്റർ ഡോസ് ഉൾപ്പടെ) പൗരന്മാർക്ക് മാത്രമാണ് ഈ യാത്രാ വിലക്കുകൾ പിൻവലിക്കുന്ന തീരുമാനം ബാധകമാകുന്നത്. യു എ ഇ ജനറൽ സിവിൽ ഏവിയേഷനുമായി ചേർന്നാണ് NCEMA ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.