ഡിസംബർ 5, ലോക മണ്ണ് ദിനമായി ആചരിക്കുന്നു. മണ്ണിനും ഒരു ദിനമോ! അതെ ഓരോ ദിനങ്ങളും, ഓരോ അവശ്യ വസ്തുവിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്; ഭൂമിയ്ക്കൊരു ദിനം, വെള്ളത്തിനൊരു ദിനം, പ്രകൃതിയ്ക്കൊരു ദിനം അങ്ങിനെ പോകുന്നു ഇത്തരം ഓർമ്മപ്പെടുത്തലിന്റെ ദിനങ്ങൾ.
ഇത്തവണത്തെ മണ്ണ് ദിനത്തിന്റെ ഭാഗമായി, വടുതല സെന്റ്. ആന്റണീസ് എൽ പി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി ഒരുക്കിയ “നീമോസ്ഫിയർ – സീഡ് ബോൾ മേക്കിങ്ങ്” പ്രവർത്തി പരിചയ ക്ലാസ് ഏറെ ശ്രദ്ധേയമായി.
COVID-19 മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് കൊണ്ട്, തിരഞ്ഞെടുത്ത 15 കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു ഈ ഏകദിന ക്യാമ്പ് ഒരുക്കിയത്.
സ്കൂളിലെ പ്രധാന അധ്യാപികയായ ശ്രീമതി. എസ്. കൊച്ചു ത്രേസ്യയുടെ ആഭിമുഖ്യത്തിലായിരുന്നു ക്യാമ്പ് ഒരുക്കിയത്.
മണ്ണിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കാനും, ഒരു വിത്ത് മുളച്ച് ചെടിയാകുന്നതിനു വേണ്ട ഘടകങ്ങളും, മണ്ണുകുഴച്ച് അതിൽ വിത്തിട്ട് പ്രകൃതിയിലേക്ക് മടക്കി നൽകുന്ന സീഡ് ബോൾ സമ്പ്രദായത്തെ കുറിച്ചും ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
“നല്ല മാറ്റങ്ങൾ കുട്ടികളിലൂടെ” എന്ന ആശയമാണ് ഇത്തരത്തിൽ ഒരു ഏകദിന ക്യാമ്പിന്റെ ഭാഗമാകാൻ കാരണമെന്ന് നീമോസ്ഫിയർ പ്രൊജക്റ്റ് പ്രതിനിധിയും, സോഷ്യൽ ടൌൺ ഫൗണ്ടേഷൻ സ്ഥാപകയുമായ ശ്രീമതി നീനു രത്തിൻ അഭിപ്രായപ്പെട്ടു.