പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ പുതിയ പതിപ്പിന് 2022 മാർച്ച് 10-ന് തുടക്കമാകുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 മാർച്ച് 5-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
‘പൈതൃകവും ഭാവിയും’ എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡെയ്‌സ് സംഘടിപ്പിക്കുന്നത്. മാർച്ച് 10-ന് ആരംഭിക്കുന്ന പത്തൊമ്പതാമത് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് മാർച്ച് 28 വരെ തുടരുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചിട്ടുണ്ട്.
ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡെയ്‌സ് മേളയുമായി ബന്ധപ്പെട്ട അവസാന മിനുക്ക് പണികൾ പൂർത്തിയാക്കുന്നതിനായി മേളയുടെ സംഘാടകരായ ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് തങ്ങളുടെ വിവിധ ബ്രാഞ്ചുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഒരു പ്രത്യേക യോഗം സംഘടിപ്പിച്ചു. ഭാവി തലമുറയ്ക്കിടയിൽ പൈതൃകത്തെക്കുറിച്ചുള്ള പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും, ഷാർജ ഹെറിറ്റേജ് ഡെയ്‌സ് സംബന്ധിച്ച അവബോധം നൽകുന്നതിനും ഈ യോഗം ഊന്നൽ നൽകി.
സന്ദർശകർക്ക് യു എ ഇയുടെ ചരിത്രം, സംസ്കാരം, ആചാരങ്ങൾ, കല, സാഹിത്യം മുതലായവയെ അടുത്തറിയുന്നതിന് ഈ പ്രദർശനം അവസരം നൽകുന്നു. 2003-ലാണ് ഈ മേള ആദ്യമായി സംഘടിപ്പിച്ചത്. നിലവിൽ ലോക പൈതൃകത്തെ ഷാർജയിലേക്ക് ആനയിക്കുന്ന രീതിയിൽ ആഗോള പങ്കാളിത്തമുള്ള ഒരു സാംസ്‌കാരിക പൈതൃകമേള എന്ന നിലയിലേക്ക് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് വളർന്നിട്ടുണ്ട്.
WAM [Cover Image: File Photo from WAM]