യു എ ഇയിലെ ഇന്ത്യൻ പാസ്സ്പോർട്ട് സേവനങ്ങൾ നൽകുന്ന BLS കേന്ദ്രങ്ങളിൽ, ഓൺലൈനിലൂടെ സേവനങ്ങൾക്കായി മുൻകൂർ അനുവാദം തേടുന്നതിനുള്ള പുതിയ സംവിധാനം ഏർപ്പെടുത്തി. സേവനങ്ങൾക്കായി ഏതാനം കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട അനിയന്ത്രിതമായ തിരക്കിനെ തുടർന്നാണ്, ആളുകൾ കൂട്ടം കൂടുന്നത് നിയന്ത്രിക്കാനായി ഈ സംവിധാനം കൊണ്ടുവന്നിട്ടുള്ളത്.
https://blsindiavisa-uae.com/passport/bookapp.php എന്ന വിലാസത്തിലൂടെ ബി എൽ എസ് ഇന്റർനാഷണൽ ഏർപ്പെടുത്തിയിട്ടുള്ള ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. നിലവിൽ യു എ ഇയിലെ 10 BLS കേന്ദ്രങ്ങളിൽ ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സേവന കേന്ദ്രം, തീയതി, സമയം, സേവനങ്ങളുടെ വിവരം, പാസ്പോർട്ട് നമ്പർ, സ്വകാര്യ വിവരങ്ങൾ എന്നിവ നൽകി കൊണ്ട്, പാസ്പോർട്ട് സേവനങ്ങൾക്കായുള്ള മുൻകൂർ അനുവാദം ഈ സംവിധാനത്തിലൂടെ നേടാവുന്നതാണ്.
ഇത്തരം വിവരങ്ങൾ നൽകുമ്പോൾ എല്ലാ വിവരങ്ങളും ശരിയാണെന്ന് തീർത്തും ഉറപ്പാക്കിയ ശേഷം മാത്രം നിങ്ങളുടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുക. ഓരോ മുൻകൂർ അനുവാദ പ്രകാരവും, ഒരു പാസ്പോർട്ടിന് മാത്രമായിരിക്കും സേവനം അനുവദിക്കുക. കുടുംബാംഗങ്ങളുടെ ഉൾപ്പടെ, ഒന്നിൽ കൂടുതൽ പേർക്കുള്ള സേവനങ്ങൾക്കായി ഓരോരുത്തർക്കും പ്രത്യേകം മുൻകൂർ അനുവാദത്തിനായി ഓൺലൈനിലൂടെ അപേക്ഷ നൽകേണ്ടതാണ്. നവജാതശിശുക്കളുടെ പാസ്സ്പോർട്ട് അപേക്ഷകളോടൊപ്പം രക്ഷിതാക്കളിൽ ഒരാളുടെ പാസ്പോർട്ട് നമ്പർ നിർബന്ധമായും നൽകേണ്ടതാണ്.
തിരക്കുള്ള സാഹചര്യങ്ങളിൽ സമൂഹ അകലം പാലിക്കേണ്ടിവരുന്നതിലും മറ്റും അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 60 വയസ്സിനു മുകളിൽ പ്രായമായവർ, 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക്, BLS കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകുന്നതിൽ താത്കാലികമായി ഇളവ് അനുവദിച്ചിട്ടുണ്ട്.