യു എ ഇ: പ്രായമായവർക്കും, കുട്ടികൾക്കും പാസ്പോർട്ട് സേവനങ്ങൾക്കായി നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ച് ഇന്ത്യൻ എംബസി

GCC News

പാസ്പോർട്ട് സേവനങ്ങൾക്കായി, 60 വയസ്സിനു മുകളിൽ പ്രായമായവർ, 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക്, BLS കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകുന്നതിൽ താത്‌കാലികമായി ഇളവ് അനുവദിച്ചതായി യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. COVID-19 സാഹചര്യത്തിൽ സമൂഹ അകലം പാലിക്കേണ്ടിവരുന്നതും, മറ്റു ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ഇത്തരം വിഭാഗക്കാരെ പാസ്‌പോർട്ട് അപേക്ഷകൾക്കായി കേന്ദ്രങ്ങളിൽ നേരിട്ട് എത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അധികൃതർ പങ്ക്‌വെച്ചത്.

ഓൺലൈനിലൂടെ മുൻ‌കൂർ അനുവാദം നേടിയ ശേഷം, ഇത്തരക്കാർക്ക് താഴെ പറയുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് നേരിട്ട് കേന്ദ്രങ്ങളിൽ ഹാജരാകാതെ സേവനങ്ങൾ നേടാവുന്നതാണ്:

  • 60 വയസ്സിനു മുകളിൽ പ്രായമായവർക്ക്, അവരുടെ കുടുംബാംഗങ്ങളെയോ, അടുത്ത ബന്ധുക്കളെയോ, തങ്ങൾക്ക് വേണ്ടി പൂരിപ്പിച്ച അപേക്ഷയും, മറ്റ് രേഖകളും സേവന കേന്ദ്രങ്ങളിൽ നൽകുന്നതിന് ചുമതലപ്പെടുത്തികൊണ്ടുള്ള അധികാരപത്രം ഉപയോഗിച്ച് കൊണ്ട് ഈ സേവനങ്ങൾ നേടാം.
  • ഗർഭിണികൾക്ക് ഭർത്താവിനെയോ, കുടുംബാംഗങ്ങളെയോ, അടുത്ത ബന്ധുക്കളെയോ, തങ്ങൾക്ക് വേണ്ടി പൂരിപ്പിച്ച അപേക്ഷയും, മറ്റ് രേഖകളും സേവന കേന്ദ്രങ്ങളിൽ നൽകുന്നതിന് ചുമതലപ്പെടുത്തികൊണ്ടുള്ള അധികാരപത്രവും, കൂടെ ഗർഭിണിയാണെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഉപയോഗിച്ച് കൊണ്ട് ഈ സേവനങ്ങൾ നേടാം.
  • 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കായി, പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം, ആവശ്യമായ മറ്റു രേഖകളും, അച്ഛൻ, അമ്മ എന്നിവർ ഒരുമിച്ച് സമ്മതം നൽകുന്ന ഒരു അധികാരപത്രവും ഉപയോഗിച്ച്, പാസ്പോർട്ട് സേവനം ലഭ്യമാകുന്നതാണ്. രക്ഷിതാക്കളിൽ ഒരാൾ മാത്രമേ സേവന കേന്ദ്രങ്ങളിൽ നേരിട്ട് വരേണ്ടതുള്ളൂ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
  • ഭിന്നശേഷിക്കാർക്കായി അച്ഛനോ, അമ്മയ്‌ക്കോ അല്ലെങ്കിൽ അടുത്ത കുടുംബാംഗങ്ങൾക്കോ, ആവശ്യമായ രേഖകളും പൂരിപ്പിച്ച അപേക്ഷയുമായി കേന്ദ്രങ്ങളിൽ എത്താതാവുന്നതാണ്. എന്നാൽ ഇത്തരക്കാരുടെ അവസ്ഥ തെളിയിക്കുന്ന മെഡിക്കൽ രേഖകൾ കൂടി ഹാജരാക്കേണ്ടതാണ്.

നിലവിലെ COVID-19 സാഹചര്യം കണക്കിലെടുത്താണ് ഈ ഇളവുകളെന്നും, സാഹചര്യങ്ങൾ കൂടുതൽ അനുകൂലമാകുന്നതോടെ ഈ തീരുമാനങ്ങളിൽ മാറ്റം വരാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.