വിദേശികൾക്ക് സൗദി അറേബ്യയിൽ സ്വന്തമായി ഭൂമി വാങ്ങാൻ അനുമതി നൽകുന്ന പുതിയ നിയമം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തുന്നതിന് അനുമതി നൽകാനുള്ള നിയമത്തിന് ഏതാനം ദിവസങ്ങൾക്ക് മുൻപ് സൗദി ക്യാബിനറ്റ് അംഗീകാരം നൽകിയിരുന്നു. ഈ നിയമത്തിന്റെ പൂർണ്ണ വിവരങ്ങളാണ് ഇപ്പോൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2025 ജൂലൈ 25-നാണ് സൗദി അറേബ്യയിലെ ഔദ്യോഗിക ഗസറ്റായ ഉം അൽ ഖുറയിൽ ഈ നിയമം സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഈ തീയതി മുതൽ 180 ദിവസങ്ങൾക്കകം ഈ പുതിയ നിയമം സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വരുന്നതാണ്.
രാജ്യത്ത് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള മേഖലകളിൽ വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നൽകുന്നതാണ് ഈ നിയമം. ഈ നിയമപ്രകാരം വിദേശികളായ വ്യക്തികൾ, കമ്പനികൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് സൗദി അറേബ്യയിലെ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള മേഖലകളിൽ, വ്യക്തമായ നടപടിക്രമങ്ങൾക്കനുസൃതമായി റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അവസരം ലഭിക്കുന്നതാണ്.
പാട്ടക്കരാർ, ഉപഭോക്തൃ ഉപയോഗം, മറ്റു റിയൽ എസ്റ്റേറ്റ് താത്പര്യങ്ങൾ എന്നിവ ഈ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സൗദി പൗരന്മാരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് കൊണ്ടാണ് ഈ നിയമം തയ്യാറാക്കിയിരിക്കുന്നത്.
വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഇത്തരം ഒരു നിയമം നടപ്പിലാക്കുന്നത്.
Cover Image: Saudi Press Agency.

