ദുബായ് സഫാരി പാർക്കിന്റെ 2023-2024 സീസൺ 2023 ഒക്ടോബർ 5, വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ഒക്ടോബർ 3-ന് വൈകീട്ടാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായാണ് ദുബായ് സഫാരി പാർക്ക് പുതിയ സീസൺ ആരംഭിക്കുന്നത്. സന്ദർശകർക്ക് വന്യമൃഗങ്ങളെയും, സസ്യജാലങ്ങളെയും, ജൈവവൈവിദ്ധ്യങ്ങളെയും അടുത്തറിയുന്നതിന് ദുബായ് സഫാരി പാർക്ക് അവസരമൊരുക്കുന്നു.
ദുബായ് സഫാരി പാർക്കിലെത്തുന്ന സന്ദർശകർക്ക് ലോകമെമ്പാടുമുള്ള മൃഗങ്ങളെയും, പക്ഷികളെയും, കാലാവസ്ഥ നിയന്ത്രിക്കുന്ന അന്തരീക്ഷത്തിൽ, അവയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയോട് ചേർന്ന് ജീവിക്കുന്ന രീതിയിൽ കാണാവുന്നതാണ്.
ഓരോ സീസണിലും നിരവധി പുതുമകളാണ് സന്ദർശകർക്കായി ദുബായ് സഫാരി പാർക്ക് ഒരുക്കിവെക്കുന്നത്. വംശനാശഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ജന്തുവർഗ്ഗങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഒരു പ്രത്യേക പരിപാടി ഇത്തവണ പാർക്കിൽ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് പാർക്സ് ആൻഡ് റിക്രിയേഷനൽ ഫെസിലിറ്റീസ് ഡയറക്ടർ അഹ്മദ് അൽ സറൂണി അറിയിച്ചിട്ടുണ്ട്.
ഇതോടൊപ്പം ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന പ്രകൃതി, പരിസ്ഥിതി സംരക്ഷണ പ്രയത്നങ്ങളെക്കുറിച്ചുള്ള പ്രത്യേക വർക്ക്ഷോപ്പുകൾ, പരിപാടികൾ എന്നിവയും പാർക്കിൽ സംഘടിപ്പിക്കുന്നതാണ്. സുസ്ഥിരതയുടെ വിവിധ വശങ്ങളെക്കുറിച്ച് അറിവ് നൽകുന്നതിനും ഈ സീസണിൽ ദുബായ് സഫാരി പാർക്ക് ശ്രദ്ധ ചെലുത്തുന്നതാണ്.
ബേർഡ് കിംഗ്ഡം ഷോ, ബേർഡ്സ് ഓഫ് പ്രേ ഷോ, വൈൽഡ് ലൈഫ് ടോക്ക് വർക്ക്ഷോപ്പ് തുടങ്ങിയവയും ഈ സീസണിലെ ആകർഷണങ്ങളാണ്. പുതിയ സീസണിൽ ദിനവും രാവിലെ 9 മണിമുതൽ 5 മണിവരെയാണ് സന്ദർശകർക്ക് പാർക്കിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
Cover Image: Dubai Media Office.