രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിൽ രാത്രികാല ലോക്ക്ഡൌൺ പോലുള്ള ഭാഗിക യാത്രാനിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ് അൽ സൈദി അഭിപ്രായപ്പെട്ടു. ജൂൺ 24-ന് നടന്ന സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
റമദാൻ കാലയളവിൽ ദോഫാർ ഗവർണറേറ്റിൽ രേഖപ്പെടുത്തിയ COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ രാത്രികാല യാത്രാനിയന്ത്രണങ്ങൾ ഏറെ ഫലപ്രദമായിരുന്നതായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. “ഭാഗിക നിയന്ത്രണങ്ങൾ എളുപ്പത്തിൽ നടപ്പിലാക്കാവുന്നവയാണ്. ദോഫാർ ഗവർണറേറ്റിൽ ഏർപ്പെടുത്തിയ ഇത്തരം നിയന്ത്രണങ്ങൾ രണ്ടാഴ്ച്ച കൊണ്ട് വൈറസ് വ്യാപനം തടയുന്നതിന് ഏറെ സഹായകമായിരുന്നു”, അദ്ദേഹം വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് പ്രകടമാകുന്ന രോഗവ്യാപനം തടയുന്നതിനായി 2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് 8 മണി മുതൽ ഒമാൻ രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെയാണ് വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഒമാനിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
രാജ്യത്തെ രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തുന്ന ഓരോ തീരുമാനവും കർശനമായ പഠനങ്ങൾക്ക് ശേഷമാണ് കൈക്കൊള്ളുന്നതെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ് അൽ സൈദി ഇതേ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ, രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“നിലവിൽ ഇത്തരം ഒരു കാര്യം പരിഗണനയിലില്ല. മറ്റു മാർഗങ്ങളൊന്നും ഫലപ്രദമാകാത്ത സാഹചര്യത്തിൽ അവസാന പോംവഴി എന്ന രീതിയിലെടുക്കുന്ന തീരുമാനമാണ് സമ്പൂർണ്ണ ലോക്ക്ഡൌൺ. ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളും ആരോഗ്യ മേഖലയെയും, സാമ്പത്തിക മേഖലയെയും, സാമൂഹിക മേഖലയെയും ഒരുപോലെ കണക്കിലെടുത്ത് കൊണ്ടുള്ള തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്. സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ അത്തരം ഒരു തീരുമാനം രാജ്യത്തെ മുഴുവൻ നിവാസികളുടെയും സുരക്ഷ മുൻനിർത്തി കൈക്കൊള്ളുന്നതായിരിക്കും.”, രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്തുമോ എന്ന ചോദ്യങ്ങളോട് പ്രതികരിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യ പരിചരണ മേഖല അത്യന്തം ദുഷ്കരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും പ്രവേശിക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ സാധ്യതയുള്ളതായി ഒമാൻ ആരോഗ്യ മന്ത്രാലയം സൂചന നൽകിയിട്ടുണ്ട്.