യു എ ഇ: പൊതുമാപ്പ് കാലാവധി ഒക്ടോബർ 31-ന് അവസാനിക്കുമെന്ന് ICP

featured GCC News

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി 2024 ഒക്ടോബർ 31-ന് അവസാനിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) സ്രോതസ്സുകളെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ പൊതുമാപ്പ് കാലാവധി നീട്ടി നൽകില്ലെന്ന് ICP അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തിക്കൊണ്ട് റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് രേഖകൾ ശരിപ്പെടുത്തുന്നതിനുള്ള അവസരം 2024 ഒക്ടോബർ 31-ന് അവസാനിക്കുന്നതാണ്.

പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിച്ച ശേഷം യു എ ഇയിൽ തുടരുന്ന റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ICP അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി തങ്ങളുടെ രേഖകൾ പുതുക്കാത്തവർക്ക് പഴയ പിഴകൾ വീണ്ടും ബാധകമാകുമെന്നും, പൊതുമാപ്പ് അവസാനിച്ച ശേഷം ഇത്തരം നിയമലംഘകർക്ക് നാട് കടത്തൽ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും ICP വ്യക്തമാക്കിയിട്ടുണ്ട്

ഈ പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത പരിശോധനകൾ ആരംഭിക്കുമെന്നും ICP അറിയിച്ചിട്ടുണ്ട്.