റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി നീട്ടി നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി. യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഷാർജയിൽ വെച്ചാണ് അദ്ദേഹം ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്. ഈ പദ്ധതി 2024 ഒക്ടോബർ 31-ന് അവസാനിക്കുമെന്നും, റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് രേഖകൾ ശരിപ്പെടുത്തുന്നതിന് ഇനി മൂന്നാഴ്ചയോളം സമയം മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിച്ച ശേഷം യു എ ഇയിൽ തുടരുന്ന റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി തങ്ങളുടെ രേഖകൾ പുതുക്കാത്തവർക്ക് പഴയ പിഴകൾ വീണ്ടും ബാധകമാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പൊതുമാപ്പ് അവസാനിച്ച ശേഷം ഇത്തരം നിയമലംഘകർക്ക് നാട് കടത്തൽ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് ICP വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവാസികളെ യു എ ഇയിലേക്ക് പ്രവേശനം നിരോധിച്ചിട്ടുള്ള നോ-എൻട്രി ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
ഈ പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത പരിശോധനകൾ ആരംഭിക്കുമെന്നും ICP അറിയിച്ചിട്ടുണ്ട്.
യു എ ഇയിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് 2024 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ അവസാനം വരെയുള്ള രണ്ട് മാസത്തെ കാലയളവിലാണ് ഈ പൊതുമാപ്പ് ഉപയോഗിക്കാൻ അവസരം ലഭിക്കുന്നത്. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവർക്ക് തങ്ങളുടെ വിസ പുതുക്കുന്നതിനോ, നിയമപരമായി രാജ്യം വിടുന്നതിനോ 14 ദിവസത്തെ സമയം ലഭിക്കുന്നതാണ്.