ഒമാൻ: മാർച്ച് 1 മുതൽ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു; വാക്സിനെടുത്തവർക്ക് PCR ടെസ്റ്റ് ആവശ്യമില്ല

featured GCC News

രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ 2022 മാർച്ച് 1, ചൊവാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2022 ഫെബ്രുവരി 28-ന് വൈകീട്ടാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിലേക്ക് യാത്ര ചെയ്യുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് (2 ഡോസ് കുത്തിവെപ്പ് നിർബന്ധം) PCR പരിശോധനാ ഫലം ഹാജരാക്കുന്ന നടപടി ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

COVID-19 നിയന്ത്രണങ്ങളിൽ 2022 മാർച്ച് 1 മുതൽ ഒമാൻ സുപ്രീം കമ്മിറ്റി നടപ്പിലാക്കുന്ന ഭേദഗതികൾ:

  • 2022 മാർച്ച് 1 മുതൽ രാജ്യത്ത് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ 2 ഡോസ് കുത്തിവെപ്പെടുത്തിട്ടുള്ള മുഴുവൻ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ് നേടിയിട്ടുള്ള PCR സർട്ടിഫിക്കറ്റ് ഹാജരാക്കാതെ തന്നെ യാത്രകൾ അനുവദിക്കുന്നതാണ്.
  • മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ള തീരുമാനം രാജ്യത്തെ ഇൻഡോർ ഇടങ്ങളിൽ മാത്രമാക്കി ചുരുക്കുന്നതാണ്. രാജ്യത്തെ ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതാണ്.
  • 2022 മാർച്ച് 1 മുതൽ ഒമാനിലെ ഹോട്ടലുകൾക്ക് 100 ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകുന്നതാണ്.

ഇതിന് പുറമെ 2022 മാർച്ച് 6 മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും 100 ശതമാനം വിദ്യാർത്ഥികൾക്കും നേരിട്ടുള്ള പഠനരീതി നടപ്പിലാക്കുന്നതാണെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഒമാനിലെ ഹാളുകൾ, ടെന്റുകൾ എന്നിവയുടെ പ്രവർത്തനം 70 ശതമാനം എന്ന രീതിയിൽ അനുവദിക്കാനും, ജനങ്ങൾ വലിയ രീതിയിൽ പങ്കെടുക്കാനിടയുള്ള പ്രാദേശിക, അന്തർദേശീയ പ്രദർശനങ്ങൾ, സമ്മേളനങ്ങൾ എന്നിവ 70 ശതമാനം ശേഷിയിൽ സന്ദർശകരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്നതിനും കമ്മിറ്റി അനുവാദം നൽകിയിട്ടുണ്ട്.