2023 ഹജ്ജ് സീസണിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഏർപ്പെടുത്തിയത് പോലുള്ള തീർത്ഥാടകരുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി H.E. ഡോ. തൗഫീഖ് അൽ റാബിയ അറിയിച്ചു. 2023 ജനുവരി 9-ന് ഹജ്ജ് എക്സ്പോ 2023-ന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
“COVID-19 മഹാമാരിയ്ക്ക് മുൻപ് ഉണ്ടായിരുന്ന ഹജ്ജ് സീസണുകളിൽ പോലെ തീർത്ഥാടകരുടെ എണ്ണത്തിലോ, പ്രായത്തിലോ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത രീതിയിലായിരിക്കും ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സംഘടിപ്പിക്കുന്നത്.”, അദ്ദേഹം വ്യക്തമാക്കി.
COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020-ൽ പതിനായിരത്തിൽ താഴെ ആഭ്യന്തര തീർത്ഥാടകരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടാണ് ഹജ്ജ് തീർത്ഥാടനം നടത്തിയത്. ആരോഗ്യ സുരക്ഷ മുൻനിർത്തി 2021-ൽ ഹജ്ജ് തീർത്ഥാടനം 58745 ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഒമ്പത് ലക്ഷത്തോളം തീർത്ഥാടകരാണ് 2022-ലെ തീർത്ഥാടനത്തിൽ പങ്കെടുത്തത്.
2023 ഹജ്ജ് സീസണിലെ ആഭ്യന്തര തീർത്ഥാടകരുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ, റീഫണ്ട് പോളിസി എന്നിവ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിപ്പ് നൽകിയിരുന്നു.
Cover Image: Saudi Press Agency.