ദുബായ്: മെട്രോ ടിക്കറ്റ് ഓഫീസുകളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയ ടോപ്-അപ്പ് നിരക്ക് 50 ദിർഹമാക്കിയതായി RTA

featured GCC News

2024 ഓഗസ്റ്റ് 17 മുതൽ മെട്രോ ടിക്കറ്റ് ഓഫീസുകളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയ ടോപ്-അപ്പ് നിരക്ക് 50 ദിർഹമാക്കി ഉയർത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റിങ് ഓഫീസുകളിൽ നിന്ന് നോൾ കാർഡുകൾ ടോപ്-അപ്പ് ചെയ്യുന്നതിന് മാത്രമാണ് ഈ ഏറ്റവും ചുരുങ്ങിയ നിരക്ക് ബാധകമാക്കിയിരിക്കുന്നതെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ സംവിധാനങ്ങളിലൂടെ നോൾ കാർഡുകൾ ടോപ്-അപ്പ് ചെയ്യുന്നതിന് ഇത് ബാധകമല്ല.

ഉപഭോക്താക്കൾക്ക് അമ്പത് ദിർഹത്തിലും താഴെയുള്ള നിരക്കിൽ ടോപ്-അപ്പ് ചെയ്യുന്നതിനായി നോൾ പേ ആപ്പ്, RTA ഔദ്യോഗിക വെബ്സൈറ്റ്, RTA ദുബായ് ആപ്പ് തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.