ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിട്ടുള്ള ‘ല ഈബ്’ എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രത്തെ ഫിഫ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു. 2022 ഏപ്രിൽ 1-ന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് ചടങ്ങിലാണ് ഔദ്യോഗിക ഭാഗ്യചിഹ്നം പുറത്തിറക്കിയത്.
വിർച്യുവൽ ലോകത്ത് നിന്നുള്ള രസികനായ ഒരു കഥാപാത്രമാണ് ‘ല ഈബ്’. ശാശ്വതമായ യുവത്വത്തിന്റെ പ്രതീകമായ ‘ല ഈബ്’ ലോകകപ്പ് എന്ന സ്വപ്‍ന നേട്ടത്തിലേക്കുള്ള യാത്രയിലൂടെ മറ്റുള്ളവർക്ക് പ്രചോദനവും, ആത്മവിശ്വാസവും നൽകുന്നു.
ഭാഗ്യചിഹ്നങ്ങൾ അധിവസിക്കുന്ന ഒരു സമാന്തര പ്രപഞ്ചത്തിൽ നിന്നുള്ള ഒരു സന്ദർശകനാണ് ‘ല ഈബ്’. മുൻ ലോകകപ്പുകളുടെ ഭാഗ്യചിഹ്നങ്ങൾ താമസിക്കുന്ന ഈ ലോകത്ത് നിന്നെത്തുന്ന ല ഈബിന് മുൻ ലോകകപ്പുകളുടെ ജ്വലിക്കുന്ന ഇതിഹാസങ്ങൾ ഹൃദിസ്ഥമാണ്.
ധീരനായ ല ഈബ് സമയം, ദേശം എന്നിവയുടെ അതിർവരമ്പുകൾ മറികടന്ന് സഞ്ചരിക്കുന്നതിനുള്ള കഴിവുകളുള്ള ഒരു ലോകസഞ്ചാരിയാണ്. ലോകം മുഴുവൻ സഞ്ചരിക്കുന്ന ല ഈബ് മാനവചരിത്രത്തിലെ ഇതുവരെയുള്ള എല്ലാ ലോകകപ്പ് ടൂർണമെന്റുകളിൽ പങ്കെടുക്കുകയും, അതിലെ മികച്ച നിമിഷങ്ങളുമായി സംവദിക്കുകയും ചെയ്തിട്ടുണെന്നാണ് വിശ്വാസം.
ല ഈബിനെ പരിചയപ്പെടുത്തുന്നതിനായി സംഘാടകർ ഒരു വീഡിയോ ദൃശ്യം പങ്ക് വെച്ചിട്ടുണ്ട്.
അൽ രിഹ്‍ല ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക പന്ത്
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ലെ ഔദ്യോഗിക പന്ത് അഡിഡാസ് നിർമ്മിക്കുന്ന അൽ രിഹ്‍ലയായിരിക്കുമെന്ന് ഫിഫ നേരത്തെ അറിയിച്ചിരുന്നു. സഞ്ചാരം, യാത്ര എന്നീ അർത്ഥങ്ങളാണ് അൽ രിഹ്‍ല എന്ന അറബ് പദം സൂചിപ്പിക്കുന്നത്.
ഖത്തറിന്റെ സംസ്കാരം, വാസ്‌തു വിദ്യ എന്നിവയിൽ നിന്നും ഖത്തറിലെ ദേശീയ പതാക, പരമ്പരാഗത വഞ്ചികൾ എന്നിവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ പന്ത് രൂപകൽപന ചെയ്തിരിക്കുന്നത്.
Cover Image: FIFA.