ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഔദ്യോഗിക കൗണ്ട് ഡൌൺ ക്ലോക്ക് ദോഹയിലെ കോർണിഷ് ഫിഷിങ്ങ് സ്പോട്ടിൽ അനാച്ഛാദനം ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2021 നവംബർ 22-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്വിസ്സ് വാച്ച് നിർമ്മാണ കമ്പനിയും, ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഔദ്യോഗിക ടൈംകീപ്പർ പങ്കാളിയുമായ ഉബ്ലോ (Hublot) ഒരുക്കിയിരിക്കുന്ന ഈ കൗണ്ട് ഡൌൺ ക്ലോക്ക് നവംബർ 21-ന് രാത്രിയാണ് അനാച്ഛാദനം ചെയ്തത്. 2022 നവംബർ 1 മുതൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് ടൂർണമെന്റ് ആരംഭിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ള അവസരത്തിലാണ് ഈ കൗണ്ട് ഡൌൺ ക്ലോക്ക് അനാച്ഛാദനം ചെയ്തിരിക്കുന്നത്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഔദ്യോഗിക മുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കൗണ്ട് ഡൌൺ ക്ലോക്ക് രൂപകൽപന ചെയ്തിരിക്കുന്നത്.
2022 നവംബർ 21-ന് അൽ ബേത് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരം ആരംഭിക്കുന്നതിന് ബാക്കി നിൽക്കുന്ന മണിക്കൂർ, മിനിറ്റ്, സെക്കന്റ് എന്നിവ ഈ ക്ലോക്ക് അടയാളപ്പെടുത്തുന്നതാണ്.