2021 നവംബർ 18 മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അരങ്ങേറുന്ന പരിപാടികളുടെ ഔദ്യോഗിക പട്ടിക സംബന്ധിച്ച് മേളയുടെ സംഘാടക കമ്മിറ്റി അറിയിപ്പ് പുറത്തിറക്കി. ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2021 നവംബർ 18 മുതൽ 2022 ഏപ്രിൽ 1 വരെ നീണ്ട് നിൽക്കുന്നതാണ്.
നവംബർ 10-ണ് വൈകീട്ടാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഹൈ കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവം നടത്തുന്നത്. യു എ ഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വർഷാവർഷം നടത്തിവരുന്ന ഈ മേള ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക ഉത്സവമാണ്.
2021-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ആയിരകണക്കിന് വിനോദ, പഠന, സാംസ്കാരിക പരിപാടികൾ അരങ്ങേറുമെന്ന് സംഘാടക കമ്മിറ്റി വ്യക്തമാക്കി. മേളയുടെ ഭാഗമായി പരമ്പരാഗതമായ 21 അന്താരാഷ്ട്ര പ്രദർശനങ്ങൾ, തിയേറ്റർ പ്രദർശനങ്ങൾ, നാടൻ കലാ പ്രദർശനങ്ങൾ, മറ്റു സ്റ്റേജ് പടിപടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടക കമ്മിറ്റി കൂട്ടിച്ചേർത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 22500-ൽ പരം കലാകാരൻമാർ, പ്രദർശകർ തുടങ്ങിയവർ 2021-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതാണ്. അന്താരാഷ്ട്ര തലത്തിലുള്ള 4500-ൽ പരം സാംസ്‌കാരിക പരിപാടികൾ, കുട്ടികൾക്കായുള്ള 130 വർക്ക്ഷോപ്പുകൾ തുടങ്ങിയവയും മേളയിൽ അവതരിപ്പിക്കുന്നതാണ്.
യു എ ഇയുടെ അമ്പതാം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ അമ്പത് വർഷത്തെ പ്രയാണം എടുത്ത് കാട്ടുന്ന ഒരു പ്രത്യേക ‘ഇയർ ഓഫ് ദി 50’ മേഖല ഈ വർഷത്തെ മേളയുടെ പ്രത്യേകതയാണ്. എമിറാത്തി സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ മുന്നോട്ട് വെച്ച ദർശനങ്ങൾ, അഭിലാഷങ്ങൾ എന്നിവ സന്ദർശകർക്ക് ഈ പ്രത്യേക പ്രദർശനത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. യു എ ഇ എന്ന രാജ്യത്തിന്റെ ജ്വലിക്കുന്ന ഭാവിക്കായി ഈ ദർശനങ്ങൾ എങ്ങിനെ അടിത്തറ പാകിയെന്നതും ഈ പ്രദർശനം എടുത്ത് കാണിക്കുന്നു.
യു എ ഇ നാഗരികത, രാജ്യത്തിന്റെ സംസ്കാരം, പൈതൃകം മുതലായവ ചൂണ്ടിക്കാട്ടുന്ന നിരവധി പവലിയനുകൾ, പ്രദർശനങ്ങൾ എന്നിവയും 2021-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. പരമ്പരാഗത എമിറാത്തി കരകൗശലത്തനിമ വെളിപ്പെടുത്തുന്ന പ്രദർശനങ്ങൾ, പരമ്പരാഗത മാർക്കറ്റുകൾ, യു എ ഇയിലെ കന്നുകാലി വളർത്തൽ സംബന്ധിച്ചും, കൃഷി സംബന്ധമായ രീതികൾ സംബന്ധിച്ചും അറിവ് പകരുന്ന പ്രത്യേക പ്രദർശനങ്ങൾ, രാജ്യത്തിന്റെ കാർഷിക മേഖല നിലവിൽ കൈവരിച്ചിട്ടുള്ള പുരോഗതിയിൽ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചെലുത്തിയ സ്വാധീനം വെളിവാക്കുന്ന പ്രദർശനങ്ങൾ എന്നിവ മേളയുടെ ഭാഗമാണ്.
ലേസർ പ്രദർശനങ്ങൾ, 3-ഡി ഹോളോഗ്രാം, വാട്ടർ ഷോ എന്നിവ ഉൾപ്പെടുന്ന എമിറേറ്റ്സ് ഫൗണ്ടൻ, കുടുംബങ്ങൾക്കായി കാർട്ടിങ്ങ്, ഷൂട്ടിംഗ്, ഡ്രൈവിംഗ് സിമുലേഷൻ തുടങ്ങിയ സ്പോർട്ട്സ് പരിപാടികൾ അവതരിപ്പിക്കുന്ന അൽ ഫോർസാൻ ഇന്റർനാഷണൽ സ്പോർട്സ് റിസോർട്സിന്റെ പ്രത്യേക പ്രദർശനം, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ തുടങ്ങിയവ ഈ വർഷത്തെ മേളയുടെ പ്രത്യേകതകളാണ്.
എല്ലാ പ്രായത്തിലുള്ള സന്ദർശകരെയും ആകർഷിക്കുന്ന ഫൺ ഫെയർ സിറ്റി എന്ന ഒരു വലിയ അമ്യൂസ്മെന്റ് പാർക്ക് 2021-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്കായുള്ള നിരവധി റൈഡുകൾ, ഒരു വലിയ റോളർകോസ്റ്റർ എന്നിവ ഫൺ ഫെയർ സിറ്റിയുടെ ഭാഗമാണ്.
ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നടക്കുന്ന കാലയളവിൽ എല്ലാ വെള്ളിയാഴ്ച്ചകളിലും അൽ വത്ബയിലെത്തുന്നവർക്ക് ആസ്വദിക്കുന്നതിനായി ഗംഭീര കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കുന്നതാണ്. ഇതിന് പുറമെ, യു എ ഇ നാഷണൽ ഡേ, പുതുവത്സര ദിനം തുടങ്ങിയ സന്ദർഭങ്ങളിലും പ്രത്യേക കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കുന്നതാണ്. ഭക്ഷണപ്രിയർക്കായി അറബിക്, ഇന്റർനാഷണൽ രുചി വൈവിധ്യങ്ങൾ ഒരുക്കുന്ന അമ്പതിലധികം റെസ്റ്ററന്റുകൾ, ഫുഡ് ട്രക്കുകൾ എന്നവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഈ വർഷത്തെ മേള യു എ ഇയുടെ നാഗരികതയുടെ ആഴം, രാജ്യത്തിന്റെ പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. മേഖലയിലെ ഏറ്റവും മികച്ച സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ അബുദാബിയുടെ പെരുമ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കുന്നതിന് 2021-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ കാരണമാകുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.