രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം 2023 മാർച്ച് 13, തിങ്കളാഴ്ച ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ തരിഖ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തുടർന്ന് ഒമാൻ ഭരണാധികാരി ഈ മ്യൂസിയത്തിലെ ആദ്യ സന്ദർശക ടിക്കറ്റ് എടുത്ത് കൊണ്ട് മ്യൂസിയം സന്ദർശിച്ചു.
‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിന്റെ ഈ ആദ്യ ടിക്കറ്റ് അദ്ദേഹം മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനായി സമ്മാനമായി നൽകി. അദ്ദേഹം തന്റെ സ്വകാര്യ ഊന്ന് വടിയും മ്യൂസിയത്തിന് സമർപ്പിച്ചു.
അൽ ദാഖിലിയ ഗവർണറേറ്റിലെ മനഹ് വിലായത്തിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഒമാൻ എന്ന രാജ്യത്തിന്റെ ഭൂതകാല പ്രതാപങ്ങളുടെയും, നവോത്ഥാനത്തിന്റെയും സംഗ്രഹം എന്ന രീതിയിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
ഒമാന്റെ ചരിത്രം, സംസ്കാരം, സാമ്പത്തിക വളർച്ച എന്നിവ വിവിധ കാലഘട്ടങ്ങളെ അടിസ്ഥാനമാക്കി അടയാളപ്പെടുത്തുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം, ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്‌ച്ചകൾ നൽകുന്ന ഒരു ജാലകം കൂടിയാണ്. ഹജാർ മലനിരകളുടെയും, അതിന്റെ താഴ്‌വരകളുടെയും ക്ഷേത്രഗണിതപരമായ രൂപരേഖയെ അടിസ്ഥാനമാക്കിയാണ് ഏതാണ്ട് നാല്പതിനായിരം സ്‌ക്വയർ മീറ്ററിലധികം വലിപ്പമുള്ള ഈ മ്യൂസിയം കെട്ടിടത്തിന്റെ രൂപകൽപന ഒരുക്കിയിരിക്കുന്നത്.
‘ഗാലറി ഓഫ് ഹിസ്റ്ററി’, ‘ഗാലറി ഓഫ് റെനൈസ്സൻസ്’, ‘ഗാലറി ഓഫ് ദി ഫ്യുച്ചർ’ എന്നിവയാണ് ഈ മ്യൂസിയത്തിലെ പ്രധാന പവലിയനുകൾ. അതിപ്രാചീനമായ കാലഘട്ടം മുതൽ ആധുനിക കാലഘട്ടം വരെയുള്ള ഒമാന്റെ ചരിത്രം ഈ മ്യൂസിയത്തിൽ ദർശിക്കാവുന്നതാണ്.
ഒമാൻ എന്ന രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ രൂപീകരണം, ശിലായുഗ കാലഘട്ടത്തിലെ ഒമാൻ, ഒമാനിലെ ആദ്യകാല കുടിയേറ്റക്കാർ, വെങ്കലയുഗ കാലഘട്ടത്തിലെ ഒമാൻ, ഇരുമ്പ് യുഗം തുടങ്ങിയ പ്രദർശനങ്ങൾ ഉൾപ്പെടുന്നതാണ് ‘ഗാലറി ഓഫ് ഹിസ്റ്ററി’ പവലിയൻ. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായം ഉൾപ്പെടുത്തിയാണ് ഈ ഗാലറികൾ ഒരുക്കിയിരിക്കുന്നത്.
റാസ് അൽ ഹംറ, റാസ് അൽ ജിൻസ് മുതലായ ആർക്കിയോളജിക്കൽ സൈറ്റുകളിൽ നിന്നുള്ള കണ്ടെത്തലുകൾ, പ്രാചീന കാലഘട്ടത്തിലെ നാവിക പാരമ്പര്യം, ചെമ്പുകൊണ്ടുണ്ടാക്കിയ വസ്തുക്കളുടെ വിപണനം, പരമ്പരാഗത നീർച്ചാലുകളുടെ നിർമ്മാണം മുതലായ വിവിധ വിഷയങ്ങൾ ഈ ഗാലറികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്തരിച്ച മുൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഖാബൂസ് ബിൻ സൈദ് ബിൻ തൈമൂറിന്റെ ദർശനങ്ങളുടെ ഭാഗമായാണ് ഈ മ്യൂസിയം പദ്ധതി രൂപീകരിച്ചത്. 2015-ൽ അദ്ദേഹമാണ് ഈ മ്യൂസിയത്തിന്റെ തറക്കല്ലിട്ടത്. മേഖലയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്ന് എന്ന ഖ്യാതിയോടെയാണ് ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
Cover Image: Oman News Agency.