തങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് യാത്ര ചെയ്യുന്നവർക്ക്, യാത്രയ്ക്കിടയിൽ COVID-19 രോഗബാധിതരാകുന്ന സാഹചര്യത്തിൽ ആവശ്യമായിവരുന്ന ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് ഒമാൻ എയർ അറിയിച്ചു. ഒമാനിലേക്ക് യാത്രചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവരുടെ യാത്രകൾക്കൊഴികെ, ഒമാൻ എയറിന്റെ ആഗോളതലത്തിലുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്കും ഈ പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
https://www.omanair.com/id/en എന്ന വിലാസത്തിലൂടെ ഓൺലൈൻ ആയി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കും, ഏജന്റുമാരിൽ നിന്നോ, മറ്റു യാത്രാ സേവനദാതാക്കളിലൂടെയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കും ഈ പരിരക്ഷ സ്വയമേവ ലഭിക്കുന്നതാണെന്ന് ഒമാൻ എയർ വ്യക്തമാക്കി. യാത്രാ തീയതി മുതൽ 31 ദിവസത്തേക്കാണ് ഈ പരിരക്ഷ നൽകുന്നത്.
ഒക്ടോബർ 1 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിലാണ് ഈ പ്രത്യേക പരിരക്ഷ ലഭ്യമാകുന്നത്. 2020 ഒക്ടോബർ 1 മുതൽ ലഭ്യമാക്കിയിട്ടുള്ള ടിക്കറ്റുകൾക്ക് ഈ പരിരക്ഷ ലഭിക്കുന്നതാണ്. എന്നാൽ, റെസിഡൻസി വിസകളിലുള്ള പ്രവാസികൾ ഒമാനിലേക്ക് മടങ്ങിയെത്തുന്നതിനായി ഒമാൻ എയർ സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, അത്തരം യാത്രകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഒമാൻ എയർ വ്യക്തമാക്കിയിട്ടുണ്ട്.
Photo: @omanair