നവംബർ 19, വ്യാഴാഴ്ച്ച മുതൽ ഒമാനിൽ നിന്ന് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുന്നതായി ഒമാൻ എയർ പ്രഖ്യാപിച്ചു. ഒമാൻ ദേശീയ എയർലൈൻസ് സ്ഥാപനമായ ഒമാൻ എയർ ആഴ്ച്ച തോറും ഈ നഗരങ്ങളിലേക്ക് 2 സർവീസുകൾ വീതമാണ് നടത്തുന്നത്.
എല്ലാ ആഴ്ച്ചയും വ്യാഴം, ശനി ദിവസങ്ങളിലാണ് ഒമാൻ എയർ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസുകൾ നടത്തുന്നതെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവിൽ 2020 ഡിസംബർ 31 വരെ ഈ സർവീസുകൾ തുടരുമെന്നും ഒമാൻ എയർ അറിയിച്ചിട്ടുണ്ട്.
മുഴുവൻ യാത്രികർക്കും ഒമാനിലെ വിമാനത്താവളത്തിലും, വിമാനത്തിനകത്തും മാസ്കുകൾ നിർബന്ധമാണെന്ന് ഒമാൻ എയർ വ്യക്തമാക്കി. യാത്രികരുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി, കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ഈ സർവീസുകൾ നടത്തുന്നതെന്നും ഒമാൻ എയർ കൂട്ടിച്ചേർത്തു.
ഇതിനായി വിമാനത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തിലും, വിമാനത്തിൽ നിന്ന് പുറത്തിറങ്ങുന്ന അവസരത്തിലും സമൂഹ അകലം ഉൾപ്പടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ വിട്ടുവീഴ്ച്ച കൂടാതെ നടപ്പിലാക്കുന്നതാണ്. ഓരോ സർവീസിന് മുൻപും, ശേഷവും തങ്ങളുടെ വിമാനങ്ങൾ പൂർണ്ണമായും അണുവിമുക്തമാക്കുന്നതാണെന്നും ഒമാൻ എയർ കൂട്ടിച്ചേർത്തു. യാത്രകൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ https://www.omanair.com/id/en എന്ന വിലാസത്തിൽ ലഭ്യമാണ്.