കൊറോണ വൈറസ് പ്രതിസന്ധി ഒമാൻ എയറിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായി, ഗതാഗത വകുപ്പ് മന്ത്രി ഡോ. അഹ്‌മദ് അൽ ഫുടൈസി അഭിപ്രായപ്പെട്ടു. COVID-19 വ്യാപനത്തിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ ആഗോളതലത്തിലെ വ്യോമയാന മേഖലയിൽ കനത്ത നഷ്ടങ്ങളാണ് ഉണ്ടാക്കിയത്.
ലോകവ്യാപകമായി വിമാനത്താവളങ്ങൾ അടഞ്ഞുകിടന്നതും, ആയിരക്കണക്കിനു വിമാനങ്ങൾ സർവീസുകൾ നിർത്തിവെച്ചതും, വാണിജ്യമേഖലയിലെ പ്രവർത്തനങ്ങൾ നിശ്ചലമായതും വ്യോമയാനമേഖലയിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. “മറ്റു വിമാനക്കമ്പനികളെ പോലെ, ഇതെല്ലാം ഒമാൻ എയറിനെയും സാരമായി ബാധിച്ചു.”, അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഈ പ്രതിസന്ധിയുടെ ആദ്യ നാളുകളിൽ തന്നെ വ്യക്തമായ അടിയന്തിര നടപടികൾ എടുക്കാനായത് മൂലം, സംഭവിച്ച നഷ്ടത്തിൻറെ അളവ് പിടിച്ച് നിർത്താൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2020-ലേക്ക് ആസൂത്രണം ചെയ്യപ്പെട്ട ബജറ്റിൽ ഉൾപ്പെടുത്തിയിരുന്ന പ്രവർത്തന ചെലവുകൾ ഏതാണ്ട് 43 ശതമാനത്തോളം കുറക്കാൻ ഈ മുൻകരുതലുകളിലൂടെ സാധിച്ചതായും, ഇത് നഷ്ടത്തിൻറെ തോത് കുറച്ചതായും അൽ ഫുടൈസി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി, സർവീസിലുള്ള പൈലറ്റ്, ഫ്ലൈറ്റ് അറ്റന്റന്റ് എന്നിവരുടെ എണ്ണത്തിലും ഒമാൻ എയർ കുറവ് വരുത്തിയിട്ടുണ്ട്.