ഒമാൻ: വിമാനത്താവളങ്ങളിലെ COVID-19 പ്രതിരോധ നടപടികൾ പൂർണ്ണമായി ഒഴിവാക്കിയതായി CAA

featured GCC News

രാജ്യത്തെ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മുഴുവൻ COVID-19 മുൻകരുതൽ നടപടികളും, ഇതുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങളും ഒഴിവാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. 2022 മെയ് 22-ന് വൈകീട്ടാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ മുഴുവൻ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ 2022 മെയ് 22-ലെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളിലെ COVID-19 പ്രതിരോധ നടപടികൾ ഒഴിവാക്കിയതായി CAA അറിയിച്ചത്. ഒമാനിലെ മുഴുവൻ വിമാനത്താവളങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.

“സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ സിവിൽ വ്യോമയാന മേഖലയിൽ നിലവിലിരുന്ന മുഴുവൻ COVID-19 മുൻകരുതൽ നടപടിക്രമങ്ങളും ഒഴിവാക്കിയതായി യാത്രക്കാരെയും, ഒമാനിൽ സർവീസ് നടത്തുന്ന വിമാനകമ്പനികളെയും അറിയിക്കുന്നു.”, ഒമാൻ CAA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ മുഴുവൻ പൊതു ഇടങ്ങളിലും, വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലും നിലനിന്നിരുന്ന എല്ലാ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളും ഒഴിവാക്കാൻ ഒമാൻ സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.