ഒമാൻ: സ്ഥാപനങ്ങൾക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി തൊഴിലാളികളുടെ താമസയിടങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകി

featured GCC News

ഏതാനം നിബന്ധനകൾ പാലിച്ച് കൊണ്ട് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കും, മറ്റു വാണിജ്യപ്രവർത്തനങ്ങൾക്കും വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന തങ്ങളുടെ തൊഴിലാളികളുടെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി തൊഴിലാളികളുടെ താമസയിടങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുമെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി. കർശനമായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് മാത്രമാണ് തൊഴിലാളികളുടെ താമസയിടങ്ങൾ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി ഉപയോഗിക്കുന്നതിന് അനുമതി നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഫെബ്രുവരി 18-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 2021 ഫെബ്രുവരി 15 മുതൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്.

ഇത് പ്രകാരം, ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ക്വാറന്റീൻ നടപടികൾക്കായി ചുരുങ്ങിയത് ഏഴ് ദിവസത്തെ മുൻകൂർ ഹോട്ടൽ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ഒമാനിലെ കമ്പനികൾക്ക് തങ്ങളുടെ തൊഴിലാളികളുടെ താമസയിടങ്ങൾ തന്നെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി ഉപയോഗിക്കാൻ അനുമതി ലഭിക്കുന്നതാണ്.

  • ഇത്തരം തൊഴിലാളികളുടെ താമസയിടങ്ങളിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിൽ തുടരേണ്ട ഓരോ വ്യക്തിക്കും ശുചിമുറിയോട് കൂടിയ പ്രത്യേക മുറി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
  • ക്വാറന്റീനിലിരിക്കുന്ന ജീവനക്കാർക്ക് ദിനവും ഭക്ഷണം നൽകുന്നതിനുള്ള കാറ്ററിംഗ് സൗകര്യം ഉണ്ടായിരിക്കണം. ഭക്ഷണം നൽകുന്നതിനായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്.
  • വസ്ത്രങ്ങൾ അലക്കുന്നതിനുള്ള സേവനം ഉറപ്പാക്കേണ്ടതാണ്.
  • ക്വാറന്റീനിൽ ഇരിക്കേണ്ട വ്യക്തിയെ എയർപോർട്ടിൽ നിന്ന് കമ്പനിയുടെ താമസയിടത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള യാത്രാ സൗകര്യം കമ്പനിച്ചെലവിൽ ഒരുക്കേണ്ടതാണ്.
  • ഇത്തരം താമസയിടങ്ങളിൽ ക്വാറന്റീനിൽ തുടരുന്നവർക്കുള്ള രണ്ടാം PCR ടെസ്റ്റ് നടത്തുന്നതിനായി ഒരു പ്രത്യേക ഇടം ഒരുക്കേണ്ടതാണ്.
  • ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരം കമ്പനിയുടെ താമസയിടങ്ങളിൽ ആവശ്യമായ എണ്ണം ഒഴിവുള്ള മുറികളുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
  • ഇത്തരം ക്വാറന്റീൻ മുറികൾ കൃത്യമായി ശുചിയാക്കുന്നതിനും, മാലിന്യ നിർമ്മാർജ്‌ജനത്തിനും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതാണ്.
  • ക്വാറന്റീനിൽ തുടരുന്നവർക്ക് അടിയന്തിര ചികിത്സകൾ ആവശ്യമാകുന്ന സാഹചര്യത്തിൽ ആരോഗ്യ കേന്ദ്രങ്ങളിലെത്തിക്കുന്നതിനുള്ള വാഹന സൗകര്യം ഉറപ്പാക്കേണ്ടതാണ്.
  • മാസ്കുകൾ, അണുനാശിനികൾ, സാനിറ്റൈസർ മുതലായ എല്ലാ വസ്തുക്കളും ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
  • തെർമൽ ക്യാമറകൾ സ്ഥാപിക്കേണ്ടതാണ്.
  • തൊഴിലാളികളുടെ താമസയിടങ്ങൾ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ അതാത് ഗവർണറേറ്റുകളിലെ ഡയറക്ടർ ജനറൽ ഓഫ് സോഷ്യൽ ഡെവലപ്മെന്റിന് നൽകേണ്ടതാണ്.
  • സുരക്ഷാ ജീവനക്കാരുടെ സാന്നിദ്ധ്യം ഉറപ്പാക്കേണ്ടതാണ്.
  • വിമാനത്താവളത്തിലെത്തുന്ന ഇത്തരം ജീവനക്കാർ, കമ്പനിയുടെ ഇടങ്ങളിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നൽകുമെന്ന് കമ്പനി ഉറപ്പ് നൽകുന്ന രേഖ, റസിഡന്റ് കാർഡ് എന്നിവ ഹാജരാക്കേണ്ടതാണ്.

അധികൃതരുടെ ഭാഗത്ത് നിന്ന് നേരിട്ടുള്ള പരിശോധനകൾക്ക് ശേഷം മാത്രമാണ് ഇത്തരം അനുമതികൾ നൽകുന്നത്.