ഒമാൻ: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു; മുഹറം ഒന്ന് ഓഗസ്റ്റ് 10-ന്

GCC News

ഒമാനിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷപ്പിറവി 2021 ഓഗസ്റ്റ് 10, ചൊവ്വാഴ്ച്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സ് (MERA) അറിയിച്ചു. ഓഗസ്റ്റ് 8-ന് രാത്രിയാണ് MERA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/meraoman/status/1424387801412481038

2021 ഓഗസ്റ്റ് 8, ഞായറാഴ്ച്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന്, ഓഗസ്റ്റ് 9, തിങ്കളാഴ്ച്ച ദുൽ ഹജ്ജിലെ അവസാന ദിനമായിരിക്കുമെന്നും, 2021 ഓഗസ്റ്റ് 10, ചൊവ്വാഴ്ച്ച മുഹറത്തിലെ ആദ്യ ദിനമായി കണക്കാക്കുമെന്നും MERA വ്യക്തമാക്കി. ഇതോടെ ഓഗസ്റ്റ് 2-ന് ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, 2021 ഓഗസ്റ്റ് 10, ചൊവ്വാഴ്ച്ച ഒമാനിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധിദിനമായി കണക്കാക്കുന്നതാണ്.

ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഈ അവസരത്തിലെ അവധി, മുഹറം മാസപ്പിറവി ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും, മുഹറം ഒന്നിന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ ഔദ്യോഗികമായി അവധിയായിരിക്കുമെന്നും ഒമാൻ തൊഴിൽ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.