പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ നടപടികൾ കൂടുതൽ കർശനമാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. 2025 ഒക്ടോബർ 26-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#وزارة_العمل تصدر قرارا وزارياً بشأن ﻻﺋﺤﺔ ﺗﻨﻈﻴﻢ ﺗﺮﺧﻴﺺ اﻟﻌﻤﻞ وﺗﺮﺧﻴﺺ ﻣﺰاوﻟﺔ اﻟﻌﻤﻞ@OmanChamber @gfow_om pic.twitter.com/7vPLVZ17dO
— وزارة العمل -سلطنة عُمان (@Labour_OMAN) October 26, 2025
ഇതുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം ‘602/2025’ എന്ന ഒരു ഔദ്യോഗിക തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിൽ വരുന്ന കാലതാമസം, മാനദണ്ഡങ്ങളിലെ വീഴ്ചകൾ, പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ്, തൊഴിൽ അംഗീകാര രേഖകൾ എന്നിവയുമായി ബന്ധപ്പെട്ട ഭരണപരമായ ലംഘനങ്ങൾ തുടങ്ങിയവർക്ക് ചുമത്തുന്ന പിഴകൾ, ഇതിലെ ഇളവുകൾ തുടങ്ങിയവ ഈ തീരുമാനപ്രകാരം മന്ത്രാലയം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ തീരുമാന പ്രകാരം ഏർപ്പെടുത്തിയിട്ടുള്ള പിഴ തുകകൾ:
- സമയബന്ധിതമായി തൊഴിലാളികളുടെ ലൈസൻസ് പുതുക്കുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമകൾ, തൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി രജിസ്റ്റർ ചെയ്യാത്ത തൊഴിലുടമകൾ തുടങ്ങിയവർക്ക് പ്രതിമാസം 10 റിയാൽ പിഴ ചുമത്തും (ഒരു തൊഴിലാളിക്ക് പരമാവധി 500 റിയാൽ).
- തൊഴിലാളികളുടെ നിയമപരമായ സാധുത സംബന്ധിച്ച രേഖകൾ ക്രമപ്പെടുത്താത്ത തൊഴിലുടമകൾക്ക് (വ്യക്തികൾ) പ്രതിമാസം 15 റിയാൽ അധിക പിഴ ചുമത്തും. ഇത്തരം വീഴ്ചകൾ വരുത്തുന്ന കമ്പനികൾക്ക് ഈ പിഴ പ്രതിമാസം 20 റിയാലാണ്.
ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം അനുവദിച്ചിട്ടുള്ള ഇളവുകൾ:
- തൊഴിലുടമ മരണപ്പെടുന്ന സാഹചര്യത്തിൽ തൊഴിലാളിയുടെ രേഖകൾ ശരിപ്പെടുത്തുന്നതിനോ, അവരുടെ സേവനം മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റുന്നതിനോ പിഴ കൂടാതെയുള്ള ഒരു വർഷം വരെയുള്ള ഇളവ് കാലാവധി അനുവദിക്കുന്നതാണ്.
- മുപ്പത് ദിവസത്തിലധികം ചികിത്സ ആവശ്യമാകുന്ന രീതിയിൽ തൊഴിലാളി അസുഖബാധിതനാകുന്ന സാഹചര്യത്തിൽ. ഇത് തെളിയിക്കുന്ന ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് നിർബന്ധം.
- സർക്കാർ വകുപ്പുകളോ, എംബസികളോ തൊഴിലാളിയുടെ പാസ്സ്‌പോർട്ട് കൈവശം സൂക്ഷിക്കുന്ന കാലയളവിൽ പിഴ ഒഴിവാക്കുന്നതാണ്.
- തൊഴിലുടമ ഔദ്യോഗികമായി പാപ്പരാകുന്ന അവസ്ഥയിൽ ഒരു വർഷം വരെ ഇത്തരം ഇളവുകൾ അനുവദിക്കുന്നതാണ്.
- കോടതി ഉത്തരവ് പ്രകാരം ഒരു തൊഴിലാളി തടവ് ശിക്ഷ അനുഭവിക്കുന്ന സാഹചര്യത്തിൽ ഈ ശിക്ഷ തീരുന്ന കാലയളവ് വരെ ഇത്തരം പിഴകൾ ചുമത്തുന്നതല്ല.

