ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 12-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#وزارة_العمل تصدر قرارا باللائحة التنظيمية لعمل عمال المنازل ومن في حكمهم، للاطلاع على قواعد وشروط العمل الخاصة بالمستخدمين بالمنازل يرُجى استخدام رمز الاستجابة السريعة 🔻 @OmanChamber @gfow_om pic.twitter.com/8ZRLFjVQqY
— وزارة العمل -سلطنة عُمان (@Labour_OMAN) October 12, 2025
ഇതുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം ‘574/2025’ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഗാർഹിക ജീവനക്കാർ, അനുബന്ധ തൊഴിലുകൾ എന്നിവയുമായി ബന്ധപ്പെട്ട സമഗ്രമായ നിയന്ത്രണങ്ങൾ ഈ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ, തൊഴിലുടമകൾ പാലിക്കേണ്ടതായ കർശനമായ കടമകൾ തുടങ്ങിയവ ഈ നിയമം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഗാർഹിക ജീവനക്കാർക്ക് സുരക്ഷിതവും, മാന്യതയുള്ളതുമായ തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിനായാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഈ നിയമം പുറത്തിറക്കിയിരിക്കുന്നത്.
ഈ നിയമ പ്രകാരം ഒമാനിലെ ഗാർഹിക ജീവനക്കാർക്ക് നിർബന്ധമായും നൽകേണ്ടതായ ഏറ്റവും ചുരുങ്ങിയ അവകാശങ്ങൾ മന്ത്രാലയം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്:
- 21 വയസിന് താഴെ പ്രായമുള്ളവരെ ഗാർഹിക ജീവനക്കാരായി നിയമിക്കരുത്.
- നിർബന്ധിച്ചോ, ഭീഷണിപ്പെടുത്തിയോ, മറ്റേതെങ്കിലും തരത്തിൽ ബലപ്രയോഗത്തിലൂടെയോ ഇത്തരം തൊഴിലുകളിൽ ജീവനക്കാരെ നിയമിക്കരുത്.
- ജീവനക്കാരുടെ പാസ്സ്‌പോർട്ട്, മറ്റു സ്വകാര്യ രേഖകൾ എന്നിവ – ജീവനക്കാർ എഴുതി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ – കൈവശം സൂക്ഷിക്കുന്നതിന് തൊഴിലുടമയ്ക്ക് അവകാശമുണ്ടായിരിക്കുന്നതല്ല.
- ഒരു ഗാർഹിക ജീവനക്കാരനെ നിയമിക്കുന്നതിനോ, മറ്റൊരാൾക്ക് അയാളുടെ സേവനം നൽകുന്നതിനോ തൊഴിലുടമ പണം സ്വീകരിക്കരുത്.
- മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ് കൂടാതെ ഗാർഹിക ജീവനക്കാരെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് തൊഴിലുടമകൾക്ക് അനുമതിയുണ്ടായിരിക്കുന്നതല്ല.
- ഗാർഹിക ജീവനക്കാരുടെ മതവിശ്വാസം, വർണ്ണം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയോ, അവരുടെ അന്തസ്സിന് കോട്ടം വരുത്തുന്ന രീതിയിലോ പരസ്യം ചെയ്യുന്നതിന് അനുമതിയില്ല.
- ഗാർഹിക ജീവനക്കാർക്ക് തൊഴിലിടങ്ങളിലേക്ക് വരുന്നതിനും, പോകുന്നതിനും – അവർ തൊഴിലുടമയുടെ വീട്ടിൽ താമസിക്കാതെ സാഹചര്യത്തിൽ – ആവശ്യമായ ഗതാഗത സൗകര്യങ്ങൾ സൗജന്യമായി ഒരുക്കേണ്ടതാണ്.
- ഗാർഹിക ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ഒരുക്കേണ്ട ബാധ്യത തൊഴിലുടമയ്ക്കാണ്.
- ലൈസൻസുള്ള ഗാർഹിക ജീവനക്കാർ മറ്റൊരു തൊഴിലുടമയ്ക്ക് കീഴിൽ, അല്ലെങ്കിൽ സ്വയം മറ്റൊരു തൊഴിൽ എടുക്കുന്നില്ലെന്ന് തൊഴിലുടമ ഉറപ്പ് വരുത്തേണ്ടതാണ്.
- ഗാർഹിക ജീവനക്കാർക്ക് സുരക്ഷിതവും, മാന്യവും, ആരോഗ്യപരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടതാണ്.
- അവർക്ക് ഭക്ഷണം, താമസം എന്നിവ ഉറപ്പാക്കേണ്ടതാണ്.
- ജീവനക്കാരുടെ ആരോഗ്യം, സുരക്ഷ എന്നിവയ്ക്ക് ഭീഷണി ഉണ്ടാകുന്ന തൊഴിലുകൾ അവർക്ക് നൽകരുത്.
- ജീവനക്കാർക്ക് എയർ കണ്ടിഷൻ ഉള്ളതും, വായുസഞ്ചാരമുള്ളതും, അടച്ചുറപ്പുള്ളതും, ശുചിമുറികളുള്ളതും, ഉറങ്ങാനുള്ള സൗകര്യങ്ങളുള്ളതുമായ താമസയിടങ്ങൾ ഉറപ്പ് വരുത്തണം.
- തൊഴിലുടമ ഗാർഹിക ജീവനക്കാരുടെ പാസ്സ്‌പോർട്ട്, റെസിഡൻസ് കാർഡ് എന്നിവയുടെ കോപ്പി, അവരുടെ അവധി സംബന്ധിച്ച വിവരങ്ങൾ, തൊഴിലുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ അടങ്ങിയ ഒരു ഫയൽ കരുതേണ്ടതാണ്.

