ഒമാൻ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് റിമോട്ട് വർക്കിംഗ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം

featured GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് റിമോട്ട് വർക്കിംഗ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഒരു പുതിയ നിയമം പ്രഖ്യാപിച്ചു. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഏതാനം പ്രവർത്തന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഒമാനിലെ തൊഴിൽ മേഖലയിൽ തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, ഉത്പാദനക്ഷമത ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ പുതിയ നിയമം അവതരിപ്പിക്കുന്നത്.

സ്വകാര്യ തൊഴിലിടങ്ങളിൽ ഭാഗികമായും, പൂർണ്ണമായും റിമോട്ട് വർക്കിംഗ് നടപ്പിലാക്കുന്നതിൽ പാലിക്കേണ്ടതായ ഉപാധികളും നിബന്ധനകളും ഈ അറിയിപ്പുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിബന്ധനകളാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്:

  • സ്വകാര്യ സ്ഥാപനങ്ങളിലെ ഓഫീസുകളിലും മറ്റും തൊഴിലാളികൾ നേരിട്ടെത്താത്ത രീതിയിൽ, എന്നാൽ ഒമാനിൽ തന്നെ നിലനിന്ന് കൊണ്ട് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ICT) സംവിധാനങ്ങൾ ഉപയോഗിപ്പെടുത്തിക്കൊണ്ട് തൊഴിലെടുക്കുന്നതിനെയാണ് റിമോട്ട് വർക്കിംഗ് എന്ന് നിശ്ചയിച്ചിരിക്കുന്നത്.
  • ഒമാനിന് വെളിയിലുള്ള ജീവനക്കാരുമായി റിമോട്ട് വർക്കിംഗ് കരാറുകളിലേർപ്പെടുന്നത് നിരോധിച്ചിട്ടുണ്ട്.
  • റിമോട്ട് വർക്കിംഗ് അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്ന മുഴുവൻ ജീവനക്കാരുടെയും പട്ടിക തയ്യാറാക്കിവെക്കേണ്ടതും അധികൃതർ ആവശ്യപ്പെടുന്ന അവസരത്തിൽ അവ കൈമാറേണ്ടതുമാണ്.
  • റിമോട്ട് വർക്കിങ്ങിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് അവശ്യമായ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ICT) സംവിധാനങ്ങൾ, സോഫ്റ്റ്‌വെയറുകൾ മുതലായവ കമ്പനി നൽകേണ്ടതും, അവ ഇൻസ്റ്റാൾ ചെയ്യുന്നതിനും, അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ആവശ്യമായ ചെലവുകൾ വഹിക്കേണ്ടതുമാണ്.
  • ഇത്തരം തൊഴിലുകൾ ചെയ്യുന്നതിനുള്ള അധികാരം ജീവനക്കാരന് ഔദ്യോഗികമായി നൽകേണ്ടതാണ്.
  • ഇത്തരം ജീവനക്കാരെ നിരീക്ഷിക്കുന്നതിനും, അവരുടെ തൊഴിൽ നിർവ്വഹണം വിലയിരുത്തുന്നതിനും വേണ്ടി ഒരു ഇലക്ട്രോണിക് സംവിധാനം ഒരുക്കേണ്ടതാണ്.
  • എന്നാൽ ജീവനക്കാരുടെ സ്വകാര്യത ഹനിക്കുന്ന തരത്തിലുള്ള നിരീക്ഷണ രീതികൾ കർശനമായി വിലക്കിയിട്ടുണ്ട്. തൊഴിലുമായി നേരിട്ട് ബന്ധമുള്ളതല്ലാത്തതും, ജീവനക്കാരുടെ സ്വകാര്യമായതുമായ വിവരങ്ങൾ ശേഖരിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ല.
  • ജീവനക്കാർ അവർ കമ്പനിയുമായി ഏർപ്പെട്ടിട്ടുള്ള കരാർ അടിസ്ഥാനമാക്കിയുള്ള സമയപരിധികൾ പാലിച്ച് കൊണ്ട് തങ്ങളുടെ കടമ നിർവഹിക്കേണ്ടതാണ്.
  • കമ്പനി നല്കുന്നതോ, കമ്പനിയുടെ ഇൻഫർമേഷൻ സെക്യൂരിറ്റി സംവിധാനങ്ങൾ അനുശാസിക്കുന്നതോ ആയ ICT സംവിധാനങ്ങൾ, സോഫ്റ്റ്‌വെയറുകൾ മുതലായവ ഉപയോഗിച്ച് കൊണ്ടായിരിക്കണം ജീവനക്കാർ പ്രവർത്തിക്കേണ്ടത്.
  • ജീവനക്കാർ തൊഴിലുമായി ബന്ധപ്പെട്ട വിവരങ്ങൾ, രേഖകൾ മുതലായവ അതീവ ഗൗരവത്തോടെയും, രഹസ്യാത്മകതയോടെയും കൈകാര്യം ചെയ്യേണ്ടതാണ്.
  • ICT സംവിധാനങ്ങൾ, സോഫ്റ്റ്‌വെയറുകൾ മുതലായവ കമ്പനി ആവശ്യപ്പെടുന്ന അവസരത്തിൽ തിരിച്ച് നൽകേണ്ടതാണ്.
  • ജീവനക്കാർ തങ്ങളെ ഏൽപ്പിച്ച ജോലികൾ കൃത്യമായി നിർവഹിക്കേണ്ടതാണ്.
  • തങ്ങളുടെ തൊഴിലിനെ ബാധിക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ, തടസങ്ങൾ മുതലായവ കമ്പനിയെ ഉടൻ തന്നെ അറിയിക്കേണ്ടതാണ്.