ഒമാൻ: ഈദ് പ്രാർത്ഥനകൾക്ക് ഒത്ത്ചേരാൻ അനുമതിയില്ലെന്ന് സുപ്രീം കമ്മിറ്റി; സാമൂഹിക കൂടിച്ചേരലുകൾക്ക് വിലക്ക്

featured Oman

രാജ്യത്തെ COVID-19 രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ, ഒത്ത് ചേർന്നുള്ള ഈദ് പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് ചന്തകൾ എന്നിവ ഈ വർഷം സംഘടിപ്പിക്കരുതെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. രാജ്യത്തെ COVID-19 സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനം അറിയിച്ചത്.

മെയ് 2-ന് രാത്രിയാണ് ഒമാനിലെ സുപ്രീം കമ്മിറ്റി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടൊപ്പം എല്ലാ തരത്തിലുള്ള ഒത്ത്ചേരലുകൾക്കും വിലക്കേർപ്പെടുത്തിയതായും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

കുടുംബ സംഗമങ്ങൾ, ഒത്ത് ചേർന്നുള്ള ഈദ് ആഘോഷ പരിപാടികൾ, ഈദ് ആശംസകൾ അറിയിക്കുന്നതിനായി കൂട്ടംകൂടുന്ന സാഹചര്യങ്ങൾ തുടങ്ങിയവയ്ക്ക് ഈ വിലക്ക് ബാധകമാണ്. ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ രാജ്യത്തെ പൊതു പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ ഒത്ത് ചേരുന്നതിനും അനുമതി നൽകുന്നതല്ല.

റമദാനിലെ അവസാന ദിനങ്ങളിൽ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനുള്ള നടപടികളും സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2021 മെയ് 8 മുതൽ മെയ് 15 വരെ പകൽസമയങ്ങളിലുൾപ്പടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.