രാജ്യത്ത് മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ താഴ്‌വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2022 ജൂൺ 23-ന് രാത്രിയാണ് CDAA ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
താഴ്‌വരകളിൽ കനത്ത മഴമൂലം പെട്ടന്നുള്ള വെള്ളപ്പൊക്കം അനുഭവപ്പെടുന്നതിനുള്ള സാധ്യത മുൻനിർത്തിയാണ് ഇത്തരം ഒരു അറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2022 ജൂൺ 23 മുതൽ ജൂൺ 25 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ഈ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള താഴ്‌വരകൾ ഒഴിവാക്കാൻ CDAA നിർദ്ദേശിച്ചിരിക്കുന്നത്. താഴ്‌വരകൾ, താഴ്‌വരകളിലൂടെ ഒഴുകുന്ന നീർച്ചാലുകൾ എന്നിവ മുറിച്ച് കടക്കരുതെന്നും, ഇത്തരം ഇടങ്ങൾക്കരികിൽ ഇരിക്കുന്നത് ഒഴിവാക്കണമെന്നും, കുട്ടികൾക്ക് ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം നൽകരുതെന്നും CDAA അറിയിച്ചിട്ടുണ്ട്.