ഒമാൻ: പ്രവാസി തൊഴിലാളികളുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി വ്യക്തത നൽകി

Oman

പ്രവാസി തൊഴിലാളികളുടെ വിസ പുതുക്കുന്നതിനുള്ള ഫീസ് ഇളവുകൾ സംബന്ധിച്ച സുപ്രീം കമ്മിറ്റി തീരുമാനങ്ങളിൽ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ജൂലൈ 19, ഞായറാഴ്ച്ച കൂടുതൽ വ്യക്തത നൽകി. പ്രവാസി തൊഴിലാളികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നതിനുള്ള ഫീസ്, 301 റിയാലിൽ നിന്ന് 201 റിയാൽ ആക്കി കുറച്ചുകൊണ്ട് ഏപ്രിൽ 15-നു സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക്, COVID-19 സാഹചര്യത്തിൽ അനുഭവപ്പെടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സുപ്രീം കമ്മിറ്റി ഈ തീരുമാനമെടുത്തത്. എന്നാൽ ഈ തീരുമാനം ചില വ്യവസ്ഥകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ബാധകമെന്ന് അധികൃതർ ജൂലൈ 19-ലെ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്ററിന്റെ അറിയിപ്പ് പ്രകാരം താഴെ പറയുന്ന വിഭാഗങ്ങളിലുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് മാത്രമാണ് പ്രവാസി തൊഴിലാളികളുടെ വിസ പുതുക്കുന്നതിനുള്ള ഫീസ് ഇളവുകൾ ലഭ്യമാകുന്നത്:

  • ഒമാൻ പൗരന്മാർ ജോലിചെയ്യുന്ന സ്ഥാപനങ്ങളായിരിക്കണം. ജീവനക്കാരിൽ ഒമാൻ പൗരന്മാരുടെ എണ്ണം ആനുപാതികമായി ഇത്ര ശതമാനം വേണമെന്ന് പ്രത്യേകം നിഷ്‌കർഷിച്ചിട്ടില്ല.
  • സ്ഥാപനത്തിന്റെ ഉടമ, മുഴുവൻ സമയവും SME മേഖലയിൽ വ്യവസായ സ്ഥാപനം നടത്തുന്ന വ്യക്തിയായിരിക്കണം. ഇവർ പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസിനു കീഴിൽ ‘തൊഴിൽ ഉടമ’ എന്ന നിലയിൽ രജിസ്റ്റർ ചെയ്തിരിക്കണം.